പാക്കിസ്ഥാനുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ പൂർണ്ണമായും വഷളായ പശ്ചാത്തലത്തിൽ, പ്രതിസന്ധി മറികടക്കാൻ പുതിയ ബദൽ മാർഗ്ഗങ്ങൾ തേടി അഫ്ഗാനിസ്ഥാൻ ഭരണകൂടം. ഇതിന്റെ ഭാഗമായി ചൈനയിലേക്കുള്ള അതിർത്തിയായ തന്ത്രപ്രധാനമായ വാഖൻ ഇടനാഴി തുറക്കാൻ ഔദ്യോഗിക തീരുമാനം പുറത്തുവന്നു.
ബാദഖ്ഷാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന 121 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മലയോര പാതയാണ് ചരക്കുനീക്കത്തിനായി സജ്ജമാക്കുന്നത്. നിലവിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും റോഡുകളുടെ ശോച്യാവസ്ഥയും കാരണം ഈ പാതയിലൂടെ പൊതുഗതാഗതത്തിന് അനുവാദമില്ല.
ചൈനയുടെ സഹായത്തോടെ ഈ മേഖലയിൽ റോഡുകൾ നിർമ്മിച്ച് മികച്ച ചരക്കുനീക്ക ഇടനാഴിയാക്കി മാറ്റാനാണ് അഫ്ഗാൻ ഭരണകൂടം ലക്ഷ്യമിടുന്നത്. ഈ പാത യാഥാർത്ഥ്യമാകുന്നതോടെ പേർഷ്യൻ ഗൾഫിലേക്കും മധ്യേഷ്യൻ രാജ്യങ്ങളായ ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശനം ലഭിക്കുമെന്നാണ് അഫ്ഗാന്റെ വിലയിരുത്തൽ.
കൂടാതെ, ചൈന-അഫ്ഗാൻ-ഇറാൻ ചരക്കുനീക്കത്തിനും ഈ പാത നിർണായകമായി മാറും. വാഖൻ പാത സജീവമാകുന്നതോടെ മേഖലയിൽ പാക്കിസ്ഥാന്റെ വാണിജ്യപരമായ പ്രാധാന്യത്തിന് കനത്ത തിരിച്ചടിയാകും.
നേരത്തെ പാക്കിസ്ഥാൻ വഴിയായിരുന്നു അഫ്ഗാന്റെ പ്രധാന വിദേശ കയറ്റുമതികൾ നടന്നിരുന്നത്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷങ്ങളും അതിർത്തികൾ അടച്ചതും അഫ്ഗാൻ വ്യാപാരികളെ പ്രതിസന്ധിയിലാക്കി.
കറാച്ചി, ഗ്വാദർ തുടങ്ങിയ പാകിസ്ഥാൻ തുറമുഖങ്ങൾ ഉപയോഗിക്കാൻ കഴിയാതെ വന്നതോടെയാണ് അഫ്ഗാനിസ്ഥാൻ വ്യാപാര രംഗത്ത് മറ്റ് വഴികൾ അന്വേഷിച്ചു തുടങ്ങിയത്. ഇതിന്റെ ഭാഗമായി മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം അഫ്ഗാൻ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
കാബുളിൽ വെച്ച് നടന്ന അഞ്ചാമത് ഇമാം അബു ഹനീഫ നാഷനൽ ആൻഡ് ഇന്റർനാഷനൽ എക്സിബിഷനിൽ വെച്ച് ഇന്ത്യ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളുമായി 400 മില്യൻ ഡോളറിന്റെ (ഏകദേശം 3800 കോടി രൂപ) വൻകിട വ്യാപാര കരാറുകളിലാണ് അഫ്ഗാൻ ഒപ്പുവെച്ചത്.
ഇതിനുപുറമേ, വിദേശ കയറ്റുമതിക്കായി ഇറാനിലെ ചബഹാർ തുറമുഖം പൂർണ്ണമായും ഉപയോഗപ്പെടുത്താനും അഫ്ഗാനിസ്ഥാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ടെർമിനൽ സ്ഥിതി ചെയ്യുന്ന ചബഹാർ പ്രത്യേക സാമ്പത്തിക മേഖലയിൽ അഫ്ഗാനിസ്ഥാന് 110 ഹെക്ടർ ഭൂമി അനുവദിക്കുന്ന കാര്യത്തിൽ ഇറാനുമായി ധാരണയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

