ഹരിയാനയിലെ ഫരീദാബാദിൽ പതിനേഴുകാരനെ പെണ്സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫരീദാബാദിലെ ശിവ് ശക്തി എൻക്ലേവിലുള്ള പെൺസുഹൃത്തിന്റെ വീട്ടിൽ വച്ചാണ് 17കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് എന്ന് പെൺകുട്ടിയുടെ കുടുംബം പൊലീസിനെ അറിയിച്ചു.
പെൺകുട്ടിക്ക് പ്രണയാഭ്യർഥന നടത്തി ഈ ആൺകുട്ടി നിരന്തരം ശല്യപ്പെടുത്തിയിരുന്നു. തുടർന്ന് വീട്ടുകാരും സ്കൂൾ അധികൃതരും ഇടപെട്ടതോടെ ഇനി പെൺകുട്ടിയെ പിന്തുടരുകയോ ശല്യപ്പെടുത്തുകയോ അവളുടെ വീടിനടുത്ത് പോകുകയോ ചെയ്യില്ലെന്ന് അവൻ ഉറപ്പ് നൽകിയിരുന്നതാണ്.
എന്നാൽ കഴിഞ്ഞ ദിവസം ആൺകുട്ടി വീണ്ടും പെൺകുട്ടിയുടെ വീടിന് സമീപമെത്തി. ആ സമയത്ത് പെൺകുട്ടിയും അവളുടെ നാല് വയസ്സുകാരൻ സഹോദരനും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിനുള്ളിലുണ്ടായിരുന്നത്.
പതിനേഴുകാരനെ കണ്ടയുടൻ മുത്തശ്ശി അവനോട് അവിടെനിന്ന് പോകാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ അവൻ വീടിന് സമീപത്ത് നിന്ന് പോയെങ്കിലും മിനിറ്റുകൾക്കകം വീണ്ടും തിരിച്ചെത്തുകയും ആരുടെ കണ്ണിലും പെടാതെ വീടിനുള്ളിൽ അതിക്രമിച്ച് കയറുകയും ചെയ്തു.
തുടർന്ന് പെൺകുട്ടിയുടെ കുടുംബം വീടിന്റെ താഴത്തെ നിലയിൽ നടത്തിയിരുന്ന ബുട്ടീക്കിൽ പ്രവേശിക്കുകയും അവിടെവച്ച് ആത്മഹത്യ ചെയ്തെന്നും പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കി. വിവരം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എന്നാൽ, പതിനേഴുകാരനെ പെൺകുട്ടിയുടെ വീട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയതാണെന്നും, ഇത് ആത്മഹത്യയാണെന്ന് വരുത്തിതീർക്കാനായി കെട്ടിത്തൂക്കുകയായിരുന്നുവെന്നുമാണ് ആൺകുട്ടിയുടെ കുടുംബത്തിന്റെ ഗുരുതര ആരോപണം. ഈ വിവരമറിഞ്ഞതോടെ പതിനേഴുകാരന്റെ കുടുംബാംഗങ്ങൾ പെൺകുട്ടിയുടെ വീട്ടിലെത്തുകയും വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തു.
വീടിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കൾ തല്ലിപ്പൊട്ടിക്കുകയും മോഷ്ടിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഇരു വീട്ടുകാരും തമ്മിലുണ്ടായ ഈ സംഘർഷത്തിനിടയിൽ രണ്ട് പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്.
പൊലീസിന്റെ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്തെത്തിയ 9 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

