കോഴിക്കോട്–കൊല്ലഗൽ ദേശീയപാത 766-ൽ താമരശ്ശേരി വട്ടക്കുണ്ടിൽ പുതിയ പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ഭൂമി ഏറ്റെടുക്കൽ പ്രതിസന്ധി പരിഹരിക്കപ്പെട്ടതായി പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു.
സ്ഥലമുടമകൾ യാതൊരു പ്രതിഫലവും വാങ്ങാതെ സൗജന്യമായി ഭൂമി വിട്ടുനൽകാൻ തയ്യാറാവുകയും, റീലിങ്ക്വിഷ്മെന്റ് ഫോമിൽ മുൻകൂറായി ഒപ്പിട്ടുനൽകുകയും ചെയ്തതോടെയാണ് പദ്ധതിയുടെ തുടർനടപടികൾക്ക് വഴിതെളിഞ്ഞത്. പുതിയ പാലത്തിന്റെ വിശദമായ എസ്റ്റിമേറ്റ് അംഗീകാരത്തിനായി കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്.
2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഈ പാലത്തിന്റെ എസ്റ്റിമേറ്റിന് ഔദ്യോഗിക ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സാധിക്കുമെന്ന് എം.എൽ.എ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് താമരശ്ശേരി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ പ്രത്യേക അവലോകന യോഗം ചേർന്നു.
പി.കെ. ഫിറോസ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി, വൈസ് പ്രസിഡന്റ് നവാസ് മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ ആസാദ് കാരാടി, ഷംസീർ ഇടവലൻ, ഹാഫിസുറഹ്മാൻ, മൊയ്തീൻ, കെ.ടി.
എ. ഖാദർ മുഹമ്മദ്, അഷറഫ് എം., മറിയക്കുട്ടി, അബ്ദുൽ മജീദ്, ദേശീയപാത വിഭാഗം അസിസ്റ്റന്റ് എൻജിനീയർ സലീം തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

