തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യമായ സിംഗപ്പൂർ ലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാനുള്ള പദ്ധതിയുടെ സാധ്യതാ പഠനങ്ങൾ പുരോഗമിക്കുന്നു. ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് കരമാർഗം ഏകദേശം 3000 കിലോമീറ്റർ നീളത്തിൽ വൈദ്യുതി ലൈൻ നിർമ്മിക്കുന്നതാണ് പദ്ധതി.
ആസിയാൻ പവർ ഗ്രിഡ് പദ്ധതിയുടെ ഭാഗമായുള്ള ഈ ഉദ്യമത്തിലൂടെ 2000 മെഗാവാട്ട് വൈദ്യുതി കൈമാറാനാണ് ലക്ഷ്യമിടുന്നത്. മണിപ്പൂരിലെ ഇംഫാൽ നഗരത്തെ മ്യാൻമർ, തായ്ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങൾ വഴി സിംഗപ്പൂരുമായി കരമാർഗം ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് നിലവിൽ വിലയിരുത്തുന്നത്.
തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഊർജമന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര ഊർജസഹമന്ത്രി ശ്രീപദ് യെസോ നായിക് ആണ് ഈ നിർണായക വിവരം പുറത്തുവിട്ടത്. വരുന്ന 2035-ഓടെ 6 ഗിഗാവാട്ട് പുനരുപയോഗ വൈദ്യുതി ഇറക്കുമതി ചെയ്യാൻ സിംഗപ്പൂർ ലക്ഷ്യമിടുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.
പദ്ധതി യാഥാർത്ഥ്യമായാൽ ഇന്ത്യയിൽ നിന്നും നേരിട്ട് സിംഗപ്പൂരിലേക്ക് വൈദ്യുതി എത്തിക്കാൻ സാധിക്കും. ഇത് ഈ മേഖലയിലെ മൊത്തത്തിലുള്ള ഊർജ സുരക്ഷയ്ക്ക് വലിയ കരുത്തുപകരുമെന്നാണ് വിലയിരുത്തൽ.
ഇതിനുപുറമെ, പുനരുപയോഗ ഊർജ പദ്ധതികളുടെ നടത്തിപ്പ്, ഗ്രിഡ് ഇന്റഗ്രേഷൻ, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ മേഖലകളിലെ സാങ്കേതിക വിദ്യകൾ പരസ്പരം കൈമാറാനും ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടുതൽ രാഷ്ട്രങ്ങളിലേക്ക് ഇന്ത്യയുടെ പവർ ഗ്രിഡ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രവർത്തനങ്ങൾ നടക്കുന്നത്.
നിലവിൽ ബംഗ്ലദേശ്, നേപ്പാള്, മ്യാൻമർ, ഭൂട്ടാൻ എന്നീ അയൽരാജ്യങ്ങളിലേക്ക് ഇന്ത്യ നേരിട്ട് വൈദ്യുതി കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിനു പുറമെ ശ്രീലങ്കയെയും കൂടി ഈ പവർ ഗ്രിഡിന്റെ ഭാഗമാക്കാനുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്.
കൂടാതെ, രാജ്യത്തിന്റെ പവർ ഗ്രിഡിനെ സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആകെ വൈദ്യുതി ഉൽപാദന ശേഷി 558.8 ജിഗാവാട്ട് ആണ്.
ഇതിൽ 308 ജിഗാവാട്ട് വൈദ്യുതിയും ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്നാണ് ഉൽപാദിപ്പിക്കുന്നത്. ഇത് രാജ്യത്തിന്റെ ആകെ ഉൽപാദനത്തിന്റെ 55 ശതമാനം വരും.
പാരിസ് ഉടമ്പടി പ്രകാരം 2030-ഓടെ ആകെ വൈദ്യുതി ഉൽപാദനത്തിന്റെ 50 ശതമാനം ഫോസിൽ ഇതര ഇന്ധനത്തിലേക്ക് മാറ്റാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും, ലക്ഷ്യം നിശ്ചയിച്ച തീയതിക്ക് വർഷങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യ ഈ നേട്ടം കൈവരിച്ചതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

