ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ഒമ്പതു വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ പാവനാട്ട് വീട്ടിൽ മധുവിനെ(57)യാണ് ചേർത്തല പ്രത്യേക അതിവേഗ (പോക്സോ) കോടതി ജഡ്ജി ആന്റണി ഷെൽമാൻ അഞ്ചു വർഷം തടവിനും 10,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.
ബന്ധുവീട്ടിൽ എത്തിയ പ്രതി, അവിടെ കട്ടിലിൽ ഉറങ്ങുകയായിരുന്ന കുട്ടിക്കൊപ്പം കിടക്കുകയും ശരീരഭാഗങ്ങളിൽ കയറിപ്പിടിച്ച് അതിക്രമം നടത്തുകയുമായിരുന്നു. ഈ സമയം അവിടേക്ക് കടന്നുവന്ന കുട്ടിയുടെ അമ്മയാണ് ക്രൂരകൃത്യം നേരിൽ കണ്ടത്.
കുട്ടി അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസിന്റെ അന്വേഷണച്ചുമതല ഇൻസ്പെക്ടർമാരായിരുന്ന പി ചന്ദ്രബാബു, ജി അജിത് കുമാർ എന്നിവർക്കായിരുന്നു.
എ എസ് ഐ ഉഷ ടി, സിവിൽ പൊലീസ് ഓഫീസർ ദീപു മോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. പ്രോസിക്യൂഷൻ വിഭാഗം ഓഫീസർമാരായ സുനിത എ, രതീഷ് ടി എസ്, മാരാരിക്കുളം സ്റ്റേഷനിലെ സി പി ഒ ശ്യാംകുമാർ എന്നിവർ നടപടികൾ ഏകോപിപ്പിച്ചു.
കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ ഹാജരായി.
വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 29 രേഖകൾ കോടതിയിൽ തെളിവായി ഹാജരാക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

