അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ച അപ്രതീക്ഷിത നയമാറ്റത്തെ തുടർന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന രേഖപ്പെടുത്തി. യുഎസ് ഫെഡറൽ റിസർവ് യോഗത്തിന്റെ മിനിറ്റ്സ് കഴിഞ്ഞ ദിവസം പുറത്തുവന്നത് വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് കാരണമായിരുന്നു.
അടിസ്ഥാന പലിശനിരക്ക് ഇനിയും ഉയർത്തിയേക്കുമെന്ന സൂചനകളാണ് മുൻപ് വിലയിടിയാൻ കാരണമായത്. എന്നാൽ, ഇറാനിലെ സുപ്രധാന കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സൈനിക നടപടിയിൽ നിന്ന് പിന്നോട്ടുപോകുകയാണെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ സാഹചര്യം മാറിമറിയുകയായിരുന്നു.
ഇതേതുടർന്ന് കഴിഞ്ഞ രണ്ടു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലായിരുന്ന സ്വർണവില തിരികെക്കയറി. രാജ്യാന്തര വിപണിയിൽ ഇന്നലെ ഔൺസിന് 4134 ഡോളർ എന്ന നിലയിൽ ക്ലോസ് ചെയ്ത സ്വർണം, ഇന്ന് കുതിച്ചുയർന്ന് 4179 ഡോളറിലെത്തി.
നിലവിൽ ഒരു ശതമാനത്തിലധികം നേട്ടത്തോടെ 4178 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബർ മൂന്നിന് മുൻപ് ഇറാനെതിരെ ആക്രമണം ഉണ്ടാകില്ലെന്ന പ്രസ്താവനയാണ് വിപണിയിൽ നിർണായക സ്വാധീനമായത്.
ഈ പ്രസ്താവനയ്ക്കു പിന്നാലെ ക്രൂഡോയിൽ വിലയും അമേരിക്കൻ ഡോളർ സൂചികയും ബോണ്ട് യീൽഡും ഇടിഞ്ഞു. മറ്റ് കറൻസി ഉടമകൾക്ക് കുറഞ്ഞ ചെലവിൽ സ്വർണം വാങ്ങാൻ സാധ്യമായത് ഡിമാൻഡ് വർധിപ്പിച്ചു.
അതേസമയം, വരും മാസങ്ങളിൽ അടിസ്ഥാന പലിശ നിരക്ക് വർധിക്കുമെന്ന സൂചനകൾ നിലനിൽക്കുന്നുണ്ട്. അടുത്ത ഫെഡ് യോഗത്തിൽ നിരക്ക് ഉയരാൻ സാധ്യതയില്ലെങ്കിലും, ഡിസംബറിലെ യോഗത്തിൽ 0.25 ശതമാനം നിരക്ക് വർധന ഉണ്ടാകാൻ 80 ശതമാനം സാധ്യതയാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
എങ്കിലും പലിശ നിരക്ക് വർധനയേക്കാൾ ഉപരിയായി അമേരിക്കയിൽ പെരുകിവരുന്ന പൊതുകടമാണ് നിക്ഷേപകരുടെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രാജ്യങ്ങളുടെ ബാധ്യത വർധിക്കുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ആളുകൾ തിരിയുന്നതാണ് പതിവ് രീതി.
യുഎസ് ബോണ്ടുകളിൽ നിന്നുള്ള യീൽഡ് വർധിച്ചത് രാജ്യത്തെ കടബാധ്യതയെക്കുറിച്ചുള്ള ആശങ്കകളാണ് വ്യക്തമാക്കുന്നതെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ഇതിന്റെ തുടർച്ചയെന്നോണം, കഴിഞ്ഞ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന കേരളത്തിലെ വിപണിയിലും വില കുത്തനെ കൂടി.
ഗ്രാമിന് 105 രൂപ വർധിച്ച് 13,815 രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. പവന് 840 രൂപ ഉയർന്ന് 1,10,520 രൂപയായാണ് വില വർധിച്ചത്.
ഭാരം കുറഞ്ഞ ആഭരണങ്ങൾക്കായി ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപ കൂടി 11,350 രൂപയിലെത്തി. കൂടാതെ, 14 കാരറ്റ് സ്വർണം ഗ്രാമിന് 8840 രൂപയിലും 9 കാരറ്റ് സ്വർണം ഗ്രാമിന് 5700 രൂപയിലുമാണ് വിപണനം ചെയ്യപ്പെടുന്നത്.
ഇന്നത്തെ നിരക്ക് പ്രകാരം കേരളത്തിൽ ഒരു പവൻ സ്വർണാഭരണം സ്വന്തമാക്കാൻ കുറഞ്ഞത് പത്തു ശതമാനം പണിക്കൂലി കണക്കാക്കിയാൽ പോലും 1,25,300 രൂപ വേണ്ടിവരും. ഇതിനുപുറമേ മൂന്ന് ശതമാനം ജിഎസ്ടിയും, 83.5 രൂപ ഹോൾമാർക്കിങ് ചാർജും ഉൾപ്പെടുന്നതാണ് ഈ തുക.
എന്നിരുന്നാലും, ആഭരണങ്ങളുടെ വ്യത്യസ്ത ഡിസൈനുകൾക്കനുസൃതമായി മൂന്നു മുതൽ മുപ്പത് ശതമാനം വരെയാണ് ജ്വല്ലറികൾ പണിക്കൂലി ഈടാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

