കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കം കുരിശുപള്ളിക്ക് സമീപമാണ് ജനരോഷത്തിനിടയാക്കിയ സംഭവം അരങ്ങേറിയത്. മത്സ്യം കൊണ്ടുപോകുന്ന വലിയ ലോറിയില്‍ നിന്ന് മലിനജലം റോഡിലേക്ക് വ്യാപകമായി ഒഴുക്കിവിട്ടതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ വാഹനം തടഞ്ഞത്.
കക്കാടംപൊയില്‍ കൊളാജന്‍ മീന്‍ ഫാക്ടറിയിലേക്ക് മത്സ്യവുമായി പോവുകയായിരുന്നു ഈ വാഹനം. വാഹനത്തില്‍ നിന്ന് മാലിന്യം കലര്‍ന്ന വെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നത് പതിവാണെന്നും, ഇതിനെത്തുടര്‍ന്നുണ്ടായ രൂക്ഷമായ ദുര്‍ഗന്ധം കാരണം വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത ദുരിതത്തിലാണ് ജനങ്ങളെന്നും നാട്ടുകാരുടെ പരാതിയില്‍ വ്യക്തമാക്കുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് വാഹന ഉടമകളോടും ജീവനക്കാരോടും നേരത്തെയും നിരവധി തവണ പരാതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പലതവണ റോഡ് വൃത്തിയാക്കി നല്‍കിയിട്ടുണ്ടെങ്കിലും, വീണ്ടും സമാനമായ രീതിയില്‍ മാലിന്യങ്ങളും മലിനജലവും റോഡില്‍ ഒഴുക്കുന്നത് തുടര്‍ന്നതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയത്.
തുടര്‍ന്ന് പഞ്ചായത്ത് അംഗം സന്തോഷ് സെബാസ്റ്റ്യൻന്റെ നേതൃത്വത്തില്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ റോഡ് പൂര്‍ണമായും വൃത്തിയാക്കി നല്‍കാമെന്ന് വാഹന ജീവനക്കാര്‍ ഉറപ്പ് നല്കി. എങ്കിലും സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഔദ്യോഗികമായി പരാതി നല്കാന് നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

