തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുത്സവത്തിന്റെ ഭാഗമായുള്ള കൊടിയേറ്റിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിൽ നിന്ന് കൈമാറി. ക്ഷേത്രത്തിലെ വിശേഷപ്പെട്ട
അൽപ്പശി, പൈങ്കുനി മഹോത്സവങ്ങളുടെ കൊടിയേറ്റത്തിനായി ജയിൽ അന്തേവാസികൾ അതീവ വ്രതശുദ്ധിയോടെയാണ് ഈ കൊടിക്കയർ നിർമ്മിക്കുന്നത്. ശുദ്ധമായ കോട്ടൺ നൂലുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന കയർ, ചടങ്ങുകളുടെ ഭാഗമായി ജയിൽ അധികൃതർ ക്ഷേത്ര ഭാരവാഹികൾക്ക് നേരിട്ട് എത്തിച്ചു നൽകുകയാണ് പതിവ്.
തുലാമാസത്തിൽ നടക്കുന്ന അൽപ്പശി ഉത്സവത്തിനായുള്ള കൊടിക്കയർ ജയിൽ സൂപ്രണ്ട് രാജേഷ് കുമാർ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബ്രിഗേഡിയർ ആനന്ദ് കുമാർ, ക്ഷേത്രം മാനേജർ എൻ കെ അനില് കുമാർ എന്നിവർക്ക് കൈമാറി. തുടർന്ന് പ്രത്യേക ശുദ്ധിക്രിയകൾ പൂർത്തിയാക്കി, പൂജിച്ച കൊടിയും കൊടിക്കയറും വലിയ നമ്പിയും പഞ്ചഗവത്ത് നമ്പിയും ചേർന്ന് ക്ഷേത്രം തന്ത്രിക്ക് കൈമാറുന്നതാണ്.
ഞായറാഴ്ച രാവിലെ 8:45 നും 9:30 നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ധ്വജാരോഹണം നടക്കും. ഇതോടെ ഈ വർഷത്തെ അൽപശി ഉത്സവത്തിന് ഔദ്യോഗിക തുടക്കമാകും.
വരുന്ന 20ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന പവിത്രമായ ആറാട്ടോടെ ഈ വർഷത്തെ ഉത്സവ ചടങ്ങുകൾ സമാപിക്കും. അതേസമയം, സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ആറാട്ട് ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്കായി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പാസ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

