തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല പരശുവയ്ക്കലില്‍ ദേശീയപാതയ്ക്കരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിക്കപ്പെട്ടിട്ട് രണ്ട് മാസം പിന്നിടുന്നു. സാധാരണക്കാരനായ കുടുംബനാഥന്റെ ഏക ജീവനോപാധിയാണ് മൂന്നംഗ സംഘം കവർന്നത്.
ജൂലൈ 27-ന് പുലര്‍ച്ചെയായിരുന്നു ഈ മോഷണം നടന്നത്. വീട്ടിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ പരശുവയ്ക്കല്‍ സ്വദേശിയായ അനി, ദേശീയപാതയ്ക്ക് സമീപത്തെ ഒരു വീട്ടിലായിരുന്നു ഓട്ടോ പതിവായി പാർക്ക് ചെയ്തിരുന്നത്.
അന്നേദിവസം രാത്രിയും ഓട്ടം കഴിഞ്ഞ് വാഹനം ഇവിടെ നിർത്തിയിട്ടിരുന്നു. എന്നാൽ, രാവിലെ വന്നുനോക്കിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ സി.സി.ടി.വി ക്യാമറകളിൽ നിന്ന് മൂന്നു യുവാക്കള്‍ ചേര്‍ന്ന് ഓട്ടോ മോഷ്ടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. സമീപത്തെ കടകളിലെല്ലാം പ്രതികളുടെ മുഖം പതിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ഇതര സംസ്ഥാനക്കാരാണ് മോഷ്ടാക്കളെന്നാണ് പ്രധാനമായും സംശയിക്കുന്നത്. ദൃശ്യങ്ങൾ സഹിതം ഉടമ അനി പാറശ്ശാല പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
വിദ്യാർഥികളായ മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു ഈ ഓട്ടോറിക്ഷ. വാഹനം നഷ്ടപ്പെട്ടതോടെ അനിയുടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്.
സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട മൂന്ന് പേരെക്കുറിച്ചോ മോഷണം പോയ ഓട്ടോറിക്ഷയെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പാറശ്ശാല പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ഉടമ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

