പത്തനംതിട്ട ജില്ലയിലെ കുമ്പഴയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽ നിന്ന് കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിവിട്ടതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ രംഗത്തെത്തിയതിനെ തുടർന്ന് പത്തനംതിട്ട
നഗരസഭാ അധികൃതർ സ്ഥലത്തെത്തി ഹോട്ടൽ താൽക്കാലികമായി പൂട്ടിച്ചു. കഴിഞ്ഞ ദിവസമാണ് ഹോട്ടലിൽ നിന്നുള്ള കക്കൂസ് മാലിന്യവും മലിനജലവും സമീപത്തെ മറ്റ് കടകളുടെ മുന്നിലൂടെ റോഡിലേക്ക് ഒഴുകിയെത്തിയത്.
ഇതിനെ തുടർന്ന് റോഡിലൂടെയുള്ള കാൽനടയാത്ര ദുസ്സഹമാവുകയും കാൽനടയാത്രക്കാർക്ക് മാലിന്യത്തിലൂടെ നടക്കേണ്ടി വരികയും ചെയ്തു. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് വ്യാപാരികൾ പ്രതിഷേധവുമായി മുന്നോട്ട് വന്നത്.
രാത്രികാലങ്ങളിൽ ഓടയിലൂടെ ഇത്തരത്തിൽ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നത് പതിവാണെന്നാണ് വ്യാപാരികളുടെ പ്രധാന ആരോപണം. കുമ്പഴയിലെ ഓടകൾ ചെന്നു ചേരുന്നത് കുടിവെള്ള പദ്ധതികളുടെ പ്രധാന സ്രോതസ്സായ അച്ചൻകോവിലാറ്റിലേക്കാണ്.
മാലിന്യം വെള്ളത്തിൽ കലരുന്നത് ജനങ്ങൾക്ക് വലിയ തോതിൽ ആരോഗ്യ ഭീഷണിയും ഉയർത്തുന്നുണ്ട്. ഇതിന് മുൻപും പലതവണ ഹോട്ടൽ നടത്തിപ്പുകാരോട് ഈ വിഷയത്തിൽ പരാതിപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നും വ്യാപാരികൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

