കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നമ്പർ പ്ലേറ്റില്ലാത്ത ഇരുചക്ര വാഹനത്തിലെത്തി യുവതിയ ഉൾപ്പെടെയുള്ള മൂവർ സംഘം വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തുന്നതായി വ്യാപക പരാതി. വാളത്തുംഗൽ, കൂട്ടിക്കട, താന്നിമുക്ക്, വലിയവിള, കണ്ണനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലെ കടകളിൽ നിന്നാണ് ഇവർ പണം കവർന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. വയോധികർ നടത്തുന്ന ചെറിയ കടകളാണ് ഈ സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്.
ബൈക്കിലെത്തുന്ന സംഘത്തിൽ ഒരാൾ കടയ്ക്കുള്ളിൽ പ്രവേശിക്കുകയും, കടയുടമയുടെ ശ്രദ്ധ തിരിയുന്ന തക്കം നോക്കി ഗല്ലിപെട്ടിയിലെ പണം തട്ടിയെടുത്ത് പുറത്തേക്ക് ഓടുകയുമാണ് പതിവ്. അല്പം അകലെ വാഹനം സ്റ്റാർട്ട് ചെയ്തു കാത്തുനിൽക്കുന്ന മറ്റ് രണ്ടുപേർക്കൊപ്പം ഇയാൾ രക്ഷപ്പെടും.
ഇരവിപുരം വാളത്തുംഗൽ കളരി വാതുക്കൽ ക്ഷേത്രത്തിനു മുൻവശത്ത് ശ്രീധരൻ നായർ നടത്തുന്ന പലചരക്കു കടയിലാണ് ഒടുവിലത്തെ മോഷണം നടന്നത്. കടയിലെത്തിയ യുവാവ് സാധനങ്ങൾ ആവശ്യപ്പെടുകയും, ശ്രീധരൻ നായർ അതുമെടുക്കാൻ തിരിഞ്ഞ വേളയിൽ മേശയിലുണ്ടായിരുന്ന 8,500 രൂപയുമായി ഇയാൾ ഓടുകയുമായിരുന്നു.
മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ച ശ്രീധരൻ നായരെ തള്ളിയിട്ട ശേഷമാണ് സംഘം കടന്നുകളഞ്ഞത്.
കഴിഞ്ഞ 25-ാം തീയതി താന്നിമുക്കിലെ പവിത്രൻ എന്നയാളുടെ നാളികേര വ്യാപാര സ്ഥാപനത്തിൽ നിന്ന് ഇതേ സംഘം 5,000 രൂപ കവർന്നിരുന്നു. തൊട്ടടുത്ത ദിവസം പുളിയത്തുമുക്കിലെ കടയിൽ നിന്ന് മൊബൈൽ ഫോണും പണവും അപഹരിച്ചു.
ഇതിനുപുറമേ മയ്യനാട് വലിയവിളയിലെ രാജുവിന്റെ ലക്ഷ്മി സ്റ്റോഴ്സിൽ നിന്ന് 1,500 രൂപയും കണ്ണനല്ലൂരിലെ മറ്റൊരു കടയിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകളിൽ ഈ സംഘത്തിന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
എല്ലാ സ്ഥലങ്ങളിലും മോഷണം നടത്തിയത് ഒരേ സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കടയുടമകൾ പൊലീസിൽ പരാതി നൽകിയിട്ടും പ്രതികളെ പിടികൂടാൻ വൈകുന്നതിൽ വ്യാപാരികൾക്കിടയിൽ വലിയ തോതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

