മുംബൈയിലെ പ്രമുഖ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ മായം കലർന്നെന്ന പരാതിയുമായി ബന്ധപ്പെട്ട് നാടകീയ സംഭവവികാസങ്ങൾ. ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടുവെന്ന തരത്തിലുള്ള പരാതി വ്യാജമാണെന്നും, ഇതിന്റെ മറവിൽ സ്ഥാപനത്തിന്റെ ഉടമയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടിക്കാൻ ശ്രമം നടന്നതായും വ്യക്തമായതിനെ തുടർന്ന് രണ്ട് യുവതികളെ പൊലീസ് പിടികൂടി.
മുംബൈ ബോറിവലി പൊലീസ് ആണ് ഈ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബോറിവലി വെസ്റ്റിൽ സ്ഥിതി ചെയ്യുന്ന രാധാകൃഷ്ണ ഹോട്ടൽ എന്ന സ്ഥാപനത്തിലാണ് ഈ വിവാദ സംഭവങ്ങൾ അരങ്ങേറിയത്.
ഇവിടെ നിന്ന് മൈസൂരു മസാല ദോശ ഓർഡർ ചെയ്ത് കഴിച്ച അമിത് ത്രിവേദി എന്നയാൾ, ഭക്ഷണത്തിനുള്ളിൽ ചത്ത ചെറിയൊരു എലിയെ കണ്ടെത്തുകയുണ്ടായി എന്ന് കാണിച്ച് ബോറിവലി പൊലീസിലും മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലും ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ കർശന നടപടി സ്വീകരിക്കുകയും ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു.
എന്നാൽ ഈ സംഭവത്തിന് പിന്നാലെ കേസിന്റെ ഗതി തിരിച്ചുവിടുന്ന നിർണായക വിവരങ്ങളാണ് പുറത്തുവന്നത്. പരാതിക്കാരനായ അമിത് ത്രിവേദിയുടെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് ഹോട്ടലിലെത്തിയ രണ്ട് സ്ത്രീകൾ, കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കുന്നതിനായി ഹോട്ടൽ ഉടമയോട് 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
തുക നൽകാൻ തയ്യാറായില്ലെങ്കിൽ സ്ഥാപനം എന്നെന്നേക്കുമായി പൂട്ടി കളയുമെന്നും ഇവർ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന് ഹോട്ടൽ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 308(2), 3(5) പ്രകാരം കവർച്ചാശ്രമത്തിനും ഭീഷണിപ്പെടുത്തലിനും പൊലീസ് കേസ് ഫയൽ ചെയ്യുകയും രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ദോശയ്ക്കുള്ളിൽ എങ്ങനെയാണ് എലി എത്തിയത് എന്നത് സംബന്ധിച്ചും, ഇത് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള യഥാർത്ഥ വീഴ്ചയാണോ അതോ പണം തട്ടിയെടുക്കാൻ ബോധപൂർവം പ്ലേറ്റിൽ വെച്ചതാണോ എന്ന കാര്യത്തിലും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

