തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച ക്ഷേത്രമോഷണ കേസിലെ പ്രതി ഒടുവിൽ നിയമത്തിന് മുന്നിൽ. തലസ്ഥാനത്തെ പ്രശസ്തമായ കിള്ളിപ്പാലം ശ്രീ നർമ്മദേശ്വര ശിവക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന കേസിലാണ് അന്തർസംസ്ഥാന മോഷ്ടാവ് അറസ്റ്റിലായത്.
ഒഡിശ സ്വദേശിയായ മൊഗേഷ് ഗോറെയാണ് ഫോർട്ട് പൊലീസ് സ്റ്റേഷൻ സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കിള്ളിപ്പാലം ചെമ്പുപണിപ്പുരയ്ക്ക് സമീപമുള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ അതിക്രമിച്ചു കയറിയ പ്രതി, കാണിക്കവഞ്ചി തകർത്ത് ഏകദേശം 25,000 രൂപയോളമാണ് കവർന്നത്. രാവിലെ പതിവ് പൂജകൾക്കായി ക്ഷേത്രത്തിലെത്തിയ പൂജാരിയും മറ്റ് ഭാരവാഹികളുമാണ് മോഷണവിവരം ആദ്യം അറിയുന്നത്.
തുടർന്ന് ഉടൻ തന്നെ ഇവർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് സംഭവസ്ഥലത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ പരിശോധനയിലൂടെ ശേഖരിച്ച വിരലടയാളങ്ങളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ സൂക്ഷ്മമായ അന്വേഷണമാണ് തുമ്പുണ്ടാക്കിയത്.
ഫോർട്ട്, തമ്പാനൂർ, പൂജപ്പുര, തൃശൂർ ഈസ്റ്റ് സ്റ്റേഷൻ പരിധികളിലെ ആറോളം മോഷണക്കേസുകളിലും കൂടാതെ തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിലും പ്രതിയായ കുറ്റവാളിയാണ് ഇയാളെന്ന് അന്വേഷണത്തിൽ പൊലീസ് തിരിച്ചറിഞ്ഞു. ഫോർട്ട് സ്റ്റേഷൻ എസ്എച്ച്ഒ ആർ.എസ്.
ശ്രീകാന്ത്ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടാനുള്ള ദൗത്യത്തിന് നേതൃത്വം നൽകിയത്. ഒളിവിൽ പോയ പ്രതി സഞ്ചരിച്ച ട്രെയിൻ സാഹസികമായി പിന്തുടർന്ന് കൊല്ലം ഈസ്റ്റിൽ വെച്ച് പൊലീസ് സംഘം ട്രെയിൻ വളഞ്ഞ് ഇയാളെ കീഴ്പെടുത്തുകയായിരുന്നു.
എസ്ഐമാരായ ജഗ്മോഹൻ ദത്തൻ, കൃഷ്ണമോഹൻ, ജോസ്ബിൻ രാജ്, എസ്സിപിഒമാരായ റഷീദ്, ഷൈജു, ലിപിൻ രാജ്, സിപിഒ ശ്യാംകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കുടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

