മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി ഇന്ന് രാജ്യതലസ്ഥാനത്ത് ശക്തമായ പ്രക്ഷോഭത്തിന് കളമൊരുക്കുന്നു. ദില്ലിയിൽ പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അണിനിരക്കുന്ന വലിയ മാർച്ചാണ് ഇന്ന് നടക്കാനിരിക്കുന്നത്.
ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച സമരച്ചൂട് അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രക്ഷോഭം കൂടുതൽ നിർണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരമെങ്കിൽ, ഇന്ന് മുതൽ കോൺഗ്രസും ഇന്ത്യ സഖ്യവും നേരിട്ട് സമരത്തിന്റെ മുൻനിരയിലേക്ക് എത്തുകയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ എം പിമാർ ഇന്ന് മാർച്ച് സംഘടിപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ദില്ലിയിലുള്ള കേരള മുഖ്യമന്ത്രി വി ഡി സതീശൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഈ പ്രതിഷേധത്തിൽ സജീവമായി പങ്കെടുക്കും.
മാർച്ചിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ദില്ലിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, സംയുക്ത മാർച്ചിൽ നിന്ന് ആം ആദ്മി പാർട്ടി വിട്ടുനിൽക്കും.
സ്വന്തം നിലയിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനാണ് എ എ പിയുടെ തീരുമാനം. പാർലമെന്റിന്റെ മകർ ദ്വാറിൽ നിന്ന് ആരംഭിച്ച് നിർവാചൻ സദൻ വരെയാണ് ഇന്ത്യ സഖ്യത്തിന്റെ എം പിമാർ മാർച്ച് നടത്തുന്നത്.
രാവിലെ പത്ത് മണിയോടെ മകർ ദ്വാറിൽ ഒത്തുകൂടുന്ന മാർച്ചിൽ 150 ലധികം എം പിമാർ അണിനിരക്കുമെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കുക, വോട്ടർപട്ടികയുമായി ബന്ധപ്പെട്ട
എസ് ഐ ആർ നടപടികളിലെ ആശങ്കകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇതോടൊപ്പം ഉന്നയിക്കുന്നുണ്ട്. എങ്കിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി എന്ന ആവശ്യത്തിനാണ് പ്രതിഷേധത്തിൽ മുൻഗണന നൽകുന്നത്.
എസ് ഐ ആർ നടപടികളുടെ ഭാഗമായി അർഹതപ്പെട്ട നിരവധി വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
ഈ മാസം എട്ടാം തീയതി വരെ രാജ്യവ്യാപകമായി ‘Save Democracy’ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും, തുടർന്ന് ജില്ലാ തലങ്ങളിലും പ്രക്ഷോഭങ്ങൾ വ്യാപിപ്പിക്കാനും സഖ്യം തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരുന്ന നവംബർ ഒന്നിന് ദില്ലിയിൽ വലിയ റാലിയും നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ പ്രതിപക്ഷ നേതാക്കൾ നേരിട്ട് രാഷ്ട്രപതിയെ കണ്ട് തിരഞ്ഞെടുപ്പ് നടപടികളിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഔദ്യോഗിക പരാതി സമർപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, സംയുക്ത സമരത്തിൽ നിന്ന് മാറിനിൽക്കുന്ന എ എ പി എം പിമാർ തങ്ങളുടേതായ രീതിയിലാണ് പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് വിശദീകരിച്ചു.
“സ്വന്തം രീതിയിലാണ് ഈ പോരാട്ടം തുടരുന്നത്” എന്നാണ് എ എ പി നേതാവ് സഞ്ജയ് സിംഗ് വ്യക്തമാക്കിയത്. കമ്മീഷൻ ആസ്ഥാനത്തേക്ക് എ എ പി പ്രത്യേകം മാർച്ച് നടത്തുന്നുണ്ട്.
പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങുമ്പോൾ എ എ പി വിട്ടുനിൽക്കുന്നത് ഭരണകക്ഷിയായ ബി ജെ പി രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ദില്ലി നഗരം കടുത്ത പ്രതിഷേധങ്ങളുടെ നിഴലിലായിരുന്നു.
ജന്തർമന്തറിലേക്ക് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ നാഷ്ണൽ സ്റ്റുഡൻസ് യൂണിയൻ ഇന്ത്യയുടെ (എൻ എസ് യു ഐ) നേതൃത്വത്തിൽ നടന്ന സമരം വലിയ സംഘർഷത്തിലാണ് കലാശിച്ചത്. ഗ്യാനേഷ് കുമാറിന്റെ രാജി അല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് വിദ്യാർഥി സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും പ്രഖ്യാപനം.
പ്രതീകാത്മക ശവശരീരങ്ങളുമായാണ് എൻ എസ് യു ഐ ഇന്നലെ സമരം ആരംഭിച്ചത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പലരുടെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപമാണ് ഇവർ ഉയർത്തിയത്.
സമരം നീണ്ടുനിന്നതോടെ പൊലീസ് പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചു. ഇത് ഉന്തും തള്ളിലും കലാശിക്കുകയും വനിതാ പ്രവർത്തകരടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തു.
ഈ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ദില്ലി എ സി പി വിവേക് ഭഗത് ലൈംഗിക അതിക്രമം നടത്തിയെന്നും കയ്യേറ്റം ചെയ്തെന്നും പരാതിപ്പെട്ട മാധ്യമപ്രവർത്തകയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത സംഭവം വിവാദമായിട്ടുണ്ട്.
വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിനെതിരെ രാഹുൽ ഗാന്ധി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. മാധ്യമപ്രവർത്തകരെ പൊലീസ് ക്രൂരമായി വലിച്ചിഴച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു.
സാകേത് പൊലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പൊലീസും സ്ത്രീകളെ എന്തിനാണ് ഭയക്കുന്നതെന്നും ചോദ്യമുയർത്തി.
ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ ഇന്ത്യ മുന്നണിയുടെ പ്രതിഷേധ മാർച്ചും കൂടുതൽ സംഘർഷഭരിതമാകാനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

