നല്ലളം സ്വദേശിയായ 35 കാരനെ സമയബന്ധിതമായി ഇടപെട്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് നല്ലളം പൊലീസ്. തിങ്കളാഴ്ച രാവിലെ 11.20 നാണ് നല്ലളം സ്വദേശിയായ യുവാവ് താമസിക്കുന്ന വീടിന്റെ മുകൾ നിലയിലെ മുറിയുടെ വാതിൽ അടച്ച് കുറ്റിയിട്ട്, കഴുത്തിൽ കയർ കെട്ടി അച്ഛനെയും, അമ്മയെയും വിഡിയോ കോൾ ചെയ്ത് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
വിവരമറിഞ്ഞ ഉടൻ തന്നെ യുവാവിന്റെ അച്ഛൻ നല്ലളം പൊലീസ് സ്റ്റേഷനിലെത്തി ജി.ഡി ചാർജിലുള്ള അസിസ്റ്റന്റ് എസ്ഐ സതീഷ് കുമാറിനെ കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
സംഭവസ്ഥലത്തെത്തിയ നല്ലളം പൊലീസ് സംഘം മുറിയുടെ പുറത്ത് നിന്ന് യുവാവുമായി നിരന്തരം സംസാരിക്കുകയും അനുനയനീക്കം നടത്തുകയും ചെയ്തു. ഒടുവിൽ ഏറെ നേരത്തെ ആശയവിനിമയത്തിനൊടുവിൽ യുവാവ് മുറിയുടെ വാതിൽ തുറക്കാൻ തയ്യാറായി.
തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പൊലീസ് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയായിരുന്നു. ഭാര്യയും മകളും പിണങ്ങിപ്പോയതാണ് കടുത്ത തീരുമാനത്തിലേക്ക് നയിക്കാൻ കാരണമെന്ന് ഇയാൾ പൊലീസിനോട് വ്യക്തമാക്കി.
പിന്നീട് ബന്ധുക്കളെയെല്ലാം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിച്ച ശേഷമാണ് നല്ലളം എസ്ഐ രാഹുൽ രഘുനാഥും സംഘവും മടങ്ങിയത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീശാന്ത്, സിവിൽ പൊലീസ് ഓഫിസർമാരായ അരവിന്ദാക്ഷൻ, അനീഷ് എന്നിവരും ഈ രക്ഷാദൗത്യ സംഘത്തിൽ സജീവമായി ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

