ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊണ്ടുവെന്ന ആരോപണങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു.
വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള ഫോം സിക്സിൽ (Form 6) മാറ്റങ്ങൾ വരുത്തുവാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നൽകിയിരുന്നു എന്ന ഗ്യാനേഷിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. ഫോം സിക്സിലെ മാറ്റത്തിന് യാതൊരുവിധ അനുമതിയും നൽകിയിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഹർജിയിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾക്ക് ഒരു ആഴ്ചയ്ക്കുള്ളിൽ മറുപടി സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട
പ്രധാനപ്പെട്ട രേഖകളെല്ലാം പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ നടപടികൾ ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി.
കൂടാതെ എസ് ഐ ആർ മരവിപ്പിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട ഹർജിയും കോടതി പരിഗണിക്കും.
വാദം കേൾക്കലിനിടയിൽ, കമ്മീഷന്റേത് അധികാരപരിധി ലംഘിച്ചുകൊണ്ടുള്ള നടപടിയാണെന്നും സുതാര്യതയില്ലാത്ത തീരുമാനങ്ങൾ രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. 2023 ലെ നിയമഭേദഗതിയിലൂടെ ജഡ്ജിമാർക്ക് പോലും ലഭ്യമല്ലാത്ത പ്രത്യേക പരിരക്ഷയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയിട്ടുള്ളതെന്ന് അഭിഭാഷകർ വാദിച്ചു.
കമ്മീഷൻ പുറത്തുവിട്ട വാർത്താക്കുറിപ്പുകൾ തന്നെ ഇതൊരു കൂട്ടായ തീരുമാനമല്ല എന്നതിന്റെ തെളിവാണെന്നും അവർ ചൂണ്ടിക്കാണിച്ചു.
കേരളത്തിലെ കേസുകളും വാദത്തിനിടയിൽ പരാമർശിക്കപ്പെടുകയുണ്ടായി. അതേസമയം, കേസിൽ അടിയന്തരമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന പ്രധാന ആവശ്യവും കോടതി നിരസിച്ചു. അത്തരത്തിലുള്ള നടപടികൾ ഉണ്ടായാൽ രാജ്യത്ത് തിരഞ്ഞെടുപ്പുകൾ ആര് നടത്തുമെന്ന സുപ്രധാന ചോദ്യമാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.
കമ്മീഷന്റെ തീരുമാനങ്ങൾ ഏകകണ്ഠമായിരിക്കണം എന്നുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനും കോടതി തയ്യാറായില്ല. നിലവിലുള്ള പ്രധാന രേഖകൾ ഒന്നുംതന്നെ നശിക്കപ്പെടരുതെന്ന് കർശന നിർദ്ദേശം നൽകിയ കോടതി, കേസ് പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

