കൊല്ലം പെരിനാട് വെള്ളിമൺ വ്ലാവേത്ത് രാജു മന്ദിരത്തിൽ രാജുവിന്റെ (53) കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് പൊലീസ്.
പ്രതിയായ ഭാര്യ ലേഖ മേരിയ്ക്ക് (48) ഒറ്റയ്ക്ക് ഈ കൃത്യം നിർവഹിക്കാൻ സാധിക്കില്ലെന്ന ശക്തമായ നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിച്ചേർന്നിട്ടുള്ളത്. ഇതിന്റെ ഭാഗമായി ലേഖയുടെ ആൺസുഹൃത്ത് നിരീക്ഷണത്തിലാണ് വന്നിരിക്കുന്നത്.
ഇയാളെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. സ്വത്തുതർക്കത്തെത്തുടർന്ന് ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടപ്പിലാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
വെള്ളി പുലർച്ചെ 5.30-ഓടെ ലേഖയും വീടിനടുത്തു താമസിക്കുന്ന ഭർതൃസഹോദരൻ ബൈജുവും ചേർന്ന് രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കട്ടിലിൽനിന്ന് എഴുന്നേൽക്കുന്നതിനിടയിൽ കുഴഞ്ഞുവീണതാണെന്നാണ് ലേഖ ആശുപത്രി അധികൃതരെ ധരിപ്പിച്ചത്.
എന്നാൽ രാജുവിന്റെ കഴുത്തിൽ വ്യക്തമായ പാടുകൾ കണ്ടതിനെത്തുടർന്ന് ആശുപത്രി അധികൃതർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു രംഗത്തെത്തി.
കഴുത്തിൽ ശക്തമായി അമർത്തിയതാണ് മരണകാരണമെന്നും കുഴഞ്ഞുവീണതിന്റെ യാതൊരുവിധ ലക്ഷണങ്ങളും ശരീരത്തിൽ ഇല്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊലീസിനെ അറിയിച്ചതോടെയാണ് ലേഖയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
വീട്ടിൽ രാജുവും ലേഖയും മാത്രമാണ് താമസിപ്പിച്ചിരുന്നത്. ഏക മകൾ ബന്ധുവീട്ടിൽ നിന്നാണ് പഠനം തുടരുന്നത്.
ദമ്പതികൾ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് വിവരം. രാജുവിന് ഈയിടെ ലഭിച്ച കുടുംബസ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ലേഖ വഴക്കുണ്ടാക്കിയിരുന്നു.
വെള്ളി പുലർച്ചെ 5 മണിയോടെ ഉണ്ടായ വാക്കുതർക്കത്തിനിടയിൽ രാജു തന്നെ മർദിച്ചതായും തുടർന്ന് ഈ കൊലപാതകം നടത്തുകയായിരുന്നു എന്നുമാണ് ലേഖ പൊലീസിന് നൽകിയ മൊഴി.

