കൊല്ലം ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫ്ലെക്സ് ബോർഡ് കീറിയ സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ രംഗത്ത്. താൻ മുൻ എസ്എഫ്ഐക്കാരനും ഇപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകനുമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിഡിയോയാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്.
അക്ബർ ഷായെ അറിയില്ലെന്നും അങ്ങനെയൊരാൾ സംഘടനയുടെ ഭാഗമല്ലെന്നും പ്രകടനത്തിനിടെ അപ്രതീക്ഷിതമായി ഓടിക്കയറിയതാണെന്നുമുള്ള എസ്എഫ്ഐയുടെ വിശദീകരണത്തിന് മറുപടിയായാണ് ഈ വിഡിയോ സന്ദേശം. അതേസമയം, ബോർഡ് വലിച്ചു കീറിയ സംഭവത്തിൽ അക്ബർ ഷായ്ക്കെതിരെ എസ്എഫ്ഐ കൊല്ലം ഈസ്റ്റ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
പാർട്ടി സമര പരിപാടിക്കിടെ ഫ്ലെക്സ് ബോർഡ് നശിപ്പിച്ചയാൾക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. കഴിഞ്ഞ മാസം 30ന് തലസ്ഥാനത്ത് നടന്ന സംഘർഷങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കൊല്ലം ഏരിയ കമ്മിറ്റി ഒന്നിന് നടത്തിയ പ്രതിഷേധ മാർച്ച് ചിന്നക്കട
ഹെഡ്പോസ്റ്റ് ഓഫിസിനു സമീപത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ഈ മാർച്ചിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത അക്ബർ ഷാ, കോടിയേരി അനുസ്മരണത്തിനായി സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡ് തകർക്കുകയായിരുന്നു.
കോടിയേരിയുടെ പോസ്റ്റർ എസ്എഫ്ഐ പ്രകടനത്തിൽ പങ്കെടുത്ത പ്രവർത്തകൻ തന്നെ നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ ചർച്ചയായതോടെ സംഘടന പ്രതിരോധത്തിലായി. ഇതിന് പിന്നാലെയാണ് അക്ബർ ഷായെ തള്ളിപ്പറഞ്ഞുകൊണ്ട് എസ്എഫ്ഐ ഔദ്യോഗിക വിശദീകരണക്കുറിപ്പ് ഇറക്കിയത്.
എന്നാൽ താൻ കിളികൊല്ലൂർ മേഖലയിലെ എസ്എഫ്ഐയുടെ മുൻ ജോയിന്റ് സെക്രട്ടറിയാണെന്നും ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും മുൻപും പല സമരങ്ങളിലും സജീവമായി പങ്കെടുത്തിട്ടുണ്ടെന്നും അക്ബർ ഷാ ഇന്നലെ പുറത്തുവിട്ട വിഡിയോയിൽ വ്യക്തമാക്കുന്നു.
കോൺഗ്രസിന്റെ ഫ്ലെക്സ് ആണെന്നു തെറ്റിധരിച്ചാണ് ബോർഡ് കീറിയതെന്നും സംഭവിച്ചതിൽ തെറ്റു പറ്റിയെന്നും ക്ഷമിക്കണമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അക്ബർ ഷായുടെ ഈ വെളിപ്പെടുത്തൽ എസ്എഫ്ഐയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇതിന്റെ തുടർച്ചയായാണ് സംഘടന അദ്ദേഹത്തിനെതിരെ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

