മുഖ്യമന്ത്രിക്കെതിരായ യുഡിഎഫ് കണ്‍വീനറുടെ പരസ്യവിമര്ശനങ്ങളെത്തുടർന്ന് കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധിക്ക് ഇതുവരെയും പരിഹാരമായില്ല. വിഷയങ്ങൾ ചെറുതാണെന്നും അവ ഉടൻ പരിഹരിക്കുമെന്നുമാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി.
വേണുഗോപാൽ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ സർക്കാർ-പാർട്ടി ഏകോപന സമിതി രൂപീകരിക്കണമെന്ന ശക്തമായ നിലപാടിലാണ് വി.ഡി.
സതീശൻ വിരുദ്ധ പക്ഷം. സംസ്ഥാനത്തെ ഉന്നത നേതാക്കളുടെ പിന്തുണയോടെയാണ് എം.പി അടൂർ പ്രകാശ് ഈ നീക്കങ്ങൾ നടത്തുന്നതെന്നാണ് വി.ഡി.
സതീശൻ അനുകൂലികളുടെ പ്രധാന സംശയം. സർക്കാരിന്റെ തീരുമാനങ്ങളിൽ വേണ്ടത്ര കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി ഹൈക്കമാൻഡിന് നേരിട്ട് നൽകുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് യുഡിഎഫ് കണ്‍വീനർ.
മുഖ്യമന്ത്രിയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും ഏകോപനം അത്യന്താപേക്ഷിതമാണെന്ന ആവശ്യം ഉന്നയിച്ച് എഐസിസി അധ്യക്ഷനും രാഹുൽ ഗാന്ധിക്കും ഉടൻ തന്നെ കത്ത് നൽകും. മറ്റന്നാൾ ഡെൽഹിയിലെത്തി നേരിട്ട് കത്ത് സമർപ്പിക്കാനാണ് നിലവിലെ തീരുമാനം.
ഇതോടെ സർക്കാരുമായി കൂടിയാലോചനകൾ നടക്കുന്നില്ലെന്ന വിഷയം ഔദ്യോഗികമായി ഹൈക്കമാൻഡിന് മുന്നിലെത്തുമെന്നാണ് മറുപക്ഷത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇത് മുൻകൂട്ടി കൂടിയാലോചിച്ച് ഉറപ്പിച്ച നീക്കമാണെന്ന ആരോപണം എതിർചേരി ശക്തമായി തള്ളിക്കളയുന്നുണ്ട്.
ഇത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പരാതിയല്ലെന്നും പാർട്ടിയുടെ പൊതുവായ ആവശ്യമാണെന്നുമാണ് ഇവരുടെ വാദം. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ തന്നെ പാർട്ടി നേതൃത്വത്തെ പ്രതികൂട്ടിലാക്കുന്നത് ശരിയല്ലെന്ന നിലപാടാണ് കെ.സി.
വേണുഗോപാൽ സ്വീകരിച്ചതെങ്കിലും, അത് അംഗീകരിക്കാൻ സതീശൻ അനുകൂലികൾ തയാറായിട്ടില്ല. വിമർശന ഉന്നയിക്കുന്ന ചേരിയിൽ താൻ ഒറ്റയ്ക്കാണ് എന്ന അടൂർ പ്രകാശിന്റെ വാദത്തെയും ഇവർ വിശ്വാസത്തിലെടുക്കുന്നില്ല.
സർക്കാർ-പാർട്ടി ഏകോപനമില്ലായ്മയെ രാഷ്ട്രീയകാര്യ സമിതിയിൽ വിമർശിച്ച ദീപദാസ് മുൻഷിയെയും സതീശൻ അനുകൂലികൾ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരും മുൻപ് തന്നെ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഉന്നത നേതാക്കൾ ബോധപൂർവ്വം ആളുകളെ ഇറക്കുന്നുവെന്നാണ് വി.ഡി.
പക്ഷത്തിന്റെ ഗുരുതരമായ ആരോപണം. എന്തായാലും പ്രതിസന്ധി ഘട്ടത്തിൽ സതീശന് അണികളുടെ പിന്തുണ വർദ്ധിക്കുമെന്നാണ് ഈ വിഭാഗത്തിന്റെ പ്രതീക്ഷ.
അടൂർ പ്രകാശിന്റെ നീക്കങ്ങൾക്ക് പിന്നാലെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി കൗണ്ടർ പരാതി ഹൈക്കമാൻഡിന് മുന്നിൽ എത്തിക്കാനാണ് വി.ഡി. പക്ഷത്തിന്റെ തീരുമാനം.
സർക്കാരുമായി ഏകോപനമില്ലെന്ന എഐസിസി ജനറൽ സെക്രട്ടറിയുടെ വിമർശനത്തെ പാർട്ടി യോഗത്തിൽ മുഖ്യമന്ത്രി തള്ളിക്കളഞ്ഞ സാഹചര്യത്തിൽ, പുതിയ ഏകോപന സമിതി രൂപീകരിക്കാനുള്ള ആവശ്യത്തിന് സർക്കാർ വഴങ്ങുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഒരുപക്ഷേ സമിതി വന്നാൽ അതിൽ കെ.സി.
വേണുഗോപാൽ അംഗമാകുമോ എന്നതും വരും ദിവസങ്ങളിൽ ചർച്ചയായേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

