രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വിലകളിൽ വർദ്ധനവ് വരുത്തി. പുതുക്കിയ നിരക്കുകൾ പ്രകാരം പെട്രോളിന് ലീറ്ററിന് അഞ്ച് രൂപയും ഡീസലിന് ലീറ്ററിന് മൂന്ന് രൂപയുമാണ് കമ്പനി വർദ്ധിപ്പിച്ചത്.
റഷ്യൻ ക്രൂഡോയിൽ വിതരണത്തിലുണ്ടായ മാറ്റങ്ങളും ആഗോള വിപണിയിലെ പ്രതിസന്ധികളും ചൂണ്ടിക്കാണിച്ചാണ് ഈ വിലവർദ്ധനവ് നടപ്പിലാക്കിയിരിക്കുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ ഇന്ധനവില മാറ്റമില്ലാതെ തുടരുമ്പോഴാണ് സ്വകാര്യ മേഖലയിലെ പ്രധാന കമ്പനിയായ നയാര വില കൂട്ടിയിരിക്കുന്നത്.
വിലവർദ്ധനവ് പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തുടനീളമുള്ള നയാരയുടെ ഇന്ധന പമ്പുകളിൽ പെട്രോളിനും ഡീസലിനും കൂടുതൽ തുക നൽകേണ്ടി വരും. രാജ്യത്ത് അയ്യായിരത്തിലധികം ഇന്ധന ഔട്ട്ലെറ്റുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനിയാണ് നയാര എനർജി.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിനാണ് വില വർദ്ധിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു. സ്വകാര്യ കമ്പനിയുടെ ഈ തീരുമാനം മറ്റ് ഇന്ധന വിതരണക്കാരെയും സ്വാധീനിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

