കോട്ടയം മെഡിക്കൽ കോളജിലെ ആശുപത്രി വികസന സൊസൈറ്റിയിൽ (എച്ച്ഡിഎസ്) 2024ൽ നടപ്പിലാക്കിയ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേട് ആരോപണങ്ങൾ ഉയരുന്നു. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും അനർഹമായ രീതിയിൽ ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയെന്നാണ് പ്രധാന ആക്ഷേപം.
2026 വരെ കാലാവധിയുള്ള ശമ്പളപരിഷ്കരണമാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്. ഈ പരിഷ്കരണ നടപടികളിൽ കടുത്ത അസമത്വമാണ് നിലനിൽക്കുന്നത്.
പതിനഞ്ച് വർഷത്തോളം സേവന പരിചയമുള്ളവരും ആറു വർഷം മാത്രം സർവീസുള്ളവരും തമ്മിൽ ശമ്പളത്തിൽ വലിയ വ്യത്യാസമില്ലാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്. ആറ് മുതൽ ഏഴ് വർഷം വരെ മാത്രം സർവീസുള്ള ചില ജീവനക്കാർക്ക് ഏകപക്ഷീയമായി 6,050 രൂപ വരെ ശമ്പള വർധന അനുവദിച്ചപ്പോൾ, പത്ത് മുതൽ പതിനഞ്ച് വർഷം വരെ സേവനമുള്ളവരുടെ വർധന വെറും 2,000 മുതൽ 3,000 രൂപയിൽ ഒതുക്കിയതായും പരാതിയിൽ വ്യക്തമാക്കുന്നു.
എച്ച്ഡിഎസിന്റെ തലപ്പത്തുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്റെ ബന്ധുവും, വെറും ആറു വർഷം മാത്രം സർവീസുള്ള ഡേറ്റ എൻട്രി ഓപ്പറേറ്റർക്ക് പ്രതിമാസം 6,030 രൂപയുടെ വർധന നൽകിയതായും ആക്ഷേപമുണ്ട്. ഇതോടെ ഭൂരിഭാഗം ജീവനക്കാരുടെയും ശമ്പളം ഏകദേശം ഒരേ നിലവാരത്തിലേക്ക് എത്തിച്ചേർന്നു.
ഈ വിഷയത്തിൽ ഉയർന്നു വന്ന പരാതികളെല്ലാം ഉന്നതതലത്തിൽ ഒതുക്കി തീർക്കാൻ ശ്രമം നടന്നതായും ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസ് (കാസ്പ്) പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് ശമ്പളം നൽകിവരുന്ന 40 ജീവനക്കാരുടെ ശമ്പളപരിഷ്കരണമാണ് 2024 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കിയത്.
ഇതോടെ ‘കാസ്പ്’ പദ്ധതിയിൽ നിന്നുള്ള പ്രതിമാസ ശമ്പള ബാധ്യത 9,33,860 രൂപയിൽ നിന്നും 10,59,360 രൂപയായി വർധിക്കുകയുണ്ടായി. “ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ട് ബന്ധുക്കൾക്കും ഇഷ്ടക്കാർക്കുമായി ദുരുപയോഗം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണം.
അർഹതയുള്ള രോഗികൾക്കെല്ലാം ഇൻഷുറൻസ് ആനുകൂല്യം നൽകണം. കഴിഞ്ഞ 10 വർഷം നടന്ന എച്ച്ഡിഎസ് ഫണ്ട് വിനിയോഗം മുഴുവനും അന്വേഷിക്കണം.” എന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ.സജി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

