സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിട്ട് വയനാട് കേന്ദ്രീകരിച്ച് പുതിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘം സജീവമാകുന്നതായി റിപ്പോർട്ട്. ‘റിയ മണി ഹെൽപ്’ എന്ന വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചാണ് ഈ തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഇരകളുടെ സമ്മതമോ അറിവോ ഇല്ലാതെയാണ് ഇത്തരം ഗ്രൂപ്പുകളിലേക്ക് ഫോൺ നമ്പറുകൾ ചേർക്കുന്നത്. ഗ്രൂപ്പിൽ അംഗങ്ങളാക്കിയ ശേഷം വൻ ലാഭം വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങളാണ് സംഘം അയക്കുന്നത്.
5,000 രൂപ നൽകിയാൽ 15 മിനിറ്റിനുള്ളിൽ 18,000 രൂപയും, 10,000 രൂപ നൽകിയാൽ 45 മിനിറ്റിനുള്ളിൽ 30,000 രൂപയും ലഭിക്കുമെന്നാണ് വാഗ്ദാനം. കൂടാതെ 90,000 രൂപ നിക്ഷേപിച്ചാൽ 4 ലക്ഷം രൂപ വരെ തിരികെ ലഭിക്കുമെന്നും കാണിച്ചുള്ള സന്ദേശങ്ങൾ ഗ്രൂപ്പിൽ പ്രചരിക്കുന്നുണ്ട്.
സെൻഡിങ് ചാർജ് എന്ന വ്യാജേനയാണ് ഈ തുകകൾ ഈടാക്കുന്നത്. ആളുകളുടെ വിശ്വാസം പിടിച്ചുപറ്റുന്നതിനായി, പണം അയച്ചുകൊടുത്തതായി കാണിക്കുന്ന വ്യാജ ഗൂഗിൾ പേ സ്ക്രീൻഷോട്ടുകളും ഗ്രൂപ്പിൽ പങ്കുവെക്കാറുണ്ട്.
ചെറിയ തുകകൾ നൽകുന്നവർക്ക് ചിലപ്പോൾ പണം തിരികെ നൽകി വിശ്വാസ്യത ഉറപ്പാക്കിയ ശേഷം, വലിയ തുകകൾ കൈക്കലാക്കിയ ഉടൻ തന്നെ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കി നമ്പർ ബ്ലോക്ക് ചെയ്യുന്നതാണ് ഇവരുടെ രീതി. നാണക്കേട് ഭയന്ന് പലരും പരാതിപ്പെടാൻ തയാറാകുന്നില്ലെന്നാണ് വിവരം.
മുമ്പ് ടെലിഗ്രാം കേന്ദ്രീകരിച്ചായിരുന്നു ഇത്തരം ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ നടന്നിരുന്നതെങ്കിൽ, നിലവിൽ വാട്സാപ് വഴിയുള്ള തട്ടിപ്പുകളിൽ വലിയ തുകകളാണ് നഷ്ടപ്പെടുന്നത്. അനുമതിയില്ലാതെ ഇത്രയധികം ആളുകളുടെ ഫോൺ നമ്പറുകൾ തട്ടിപ്പുകാർക്ക് എങ്ങനെ ലഭിച്ചു എന്നതിൽ ദുരൂഹത തുടരുകയാണ്.
വയനാട്ടിലെ മാനന്തവാടി, വൈത്തിരി, ബത്തേരി താലൂക്കുകളിലെ പ്രമുഖർ ഉൾപ്പെടെയുള്ളവരാണ് ഇത്തരം ഗ്രൂപ്പുകളിൽ ഉൾപ്പെട്ടിട്ടുള്ളത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
സാങ്കേതിക അറിവില്ലാത്തവരും ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ധാരണയില്ലാത്തവരുമാണ് കൂടുതലും ഇരയാകുന്നത്. സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഇതിനോടകം തന്നെ ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.
വാട്സാപ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ഐടി സെല്ലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇത്തരം തട്ടിപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ ഉടൻ തന്നെ ഗ്രൂപ്പിൽ നിന്ന് പുറത്തുപോകണമെന്നും സംഭവത്തിൽ കർശന അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

