തിരുവനന്തപുരം: യുഡിഎഫ് ചെയർമാനായ മുഖ്യമന്ത്രിക്കെതിരെ കൺവീനർ നടത്തിയ പരസ്യ പ്രതികരണം കോൺഗ്രസ് പാർട്ടിയിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ആവശ്യമായ മുന്നൊരുക്കങ്ങളോ പിന്തുണയോ ഇല്ലാതെയല്ല കൺവീനർ ഇത്തരമൊരു നിലപാടെടുത്തതെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് പാർട്ടി കേന്ദ്രങ്ങളിൽ സജീവമായിട്ടുള്ളത്.
വിമർശനത്തിന്റെ സൂചനകൾ തന്നിലേക്കാണ് നീളുന്നതെന്ന് വ്യക്തമായതോടെയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഈ വിഷയത്തിലെ പരസ്യവിമർശനങ്ങൾ തള്ളിക്കളഞ്ഞത്. ഇത് താൽക്കാലിക ആശ്വാസത്തിന് വഴിയൊരുക്കിയെങ്കിലും വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കുന്നുണ്ട്.
സിപിഎമ്മിനും ബിജെപിക്കുമെതിരായ രാഷ്ട്രീയ പ്രതിരോധങ്ങൾ ശക്തമായി തുടരുന്ന ഘട്ടത്തിൽ, യുഡിഎഫ് കൺവീനർ തന്നെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് രംഗത്തുവന്നത് ആരെയും അമ്പരിപ്പിക്കുന്നതായിരുന്നു. മുൻകൂട്ടി അനുമതി തേടാതെ കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ച് പ്രകാശ് ഈ വിമർശനം ഉന്നയിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ പ്രമുഖ നേതാക്കൾക്കിടയിൽ ഉയരുന്നത്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുടെ പരോക്ഷമായ ആശീർവാദം ഇതിന് പിന്നിലുണ്ടെന്നാണ് സാഹചര്യം വിലയിരുത്തി ഒരു വിഭാഗത്തിന്റെ വാദം. സർക്കാരിന്റെ ചില വിവാദ തീരുമാനങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് കത്ത് നൽകാൻ കെപിസിസി പ്രസിഡന്റിനോട് ദീപ ദാസ്മുൻഷി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് സ്നേഹപൂർവ്വം നിരസിച്ചിരുന്നു.
സമാനമായ ആവശ്യങ്ങൾ ചില മന്ത്രിമാരുടെ മുന്നിലും അവർ വെച്ചെങ്കിലും ഫലമുണ്ടായില്ല. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പാർട്ടിയെ ഇരുട്ടിൽ നിർ Tക്കുന്ന രീതിയാണ് ഉള്ളതെന്ന് കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ അവർ കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
ആ നിലപാടുകളെ ശരിവെക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ഇപ്പോൾ യുഡിഎഫ് കൺവീനറിൽ നിന്നുണ്ടായിരിക്കുന്നത്. ഭരണപരവും സംഘടനാപരവുമായ കാര്യങ്ങളിൽ തനിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന അസംതൃപ്തി യുഡിഎഫ് കൺവീനർക്ക് കാലങ്ങളായി ഉണ്ട്.
വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റെടുത്ത സമയം മുതൽ ഇരുവരും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. എം.കെ.മുനീറിനും ജി.ദേവരാജനും കാബിനറ്റ് പദവി നൽകാനുള്ള തീരുമാനങ്ങൾ മുന്നണിയിലും പാർട്ടിയിലും നേരത്തെ തന്നെ ചർച്ച ചെയ്യപ്പെട്ടതാണ്.
കെ.സി.വേണുഗോപാൽ അടക്കമുള്ളവരുമായി ആലോചിച്ചാണ് മുഖ്യമന്ത്രി ഈ തീരുമാനത്തിൽ എത്തിയത്. മുനീറിന് കാബിനറ്റ് പദവി നൽകുന്നതിൽ ലീഗിന്റെ ആവശ്യം മുൻനിർത്തി കോൺഗ്രസ് നേതൃത്വത്തിന് എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല.
നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ട വേളയിൽ നൽകിയ ഉറപ്പാണ് ദേവരാജന്റെ കാര്യത്തിൽ നടപ്പിലാക്കിയത്.
ഈ പശ്ചാത്തലങ്ങൾ അറിയാവുന്ന അടൂർ പ്രകാശ് അതിനെതിരെ പരസ്യമായി രംഗത്തുവന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. മുനീറിന്റെ കാബിനറ്റ് റാങ്കിനെതിരെ ഉയർന്ന എതിർപ്പുകളെ യുഡിഎഫ് കൺവീനർ പിന്തുണച്ചു എന്ന തരത്തിലുള്ള പ്രതിഷേധം മുസ്ലിം ലീഗും ഇതിനോടകം അറിയിച്ചിട്ടുണ്ട്.
പ്രകാശിന്റെ പരസ്യപ്രസ്താവന വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയെങ്കിലും, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ അത് അതേപടി പിന്തുണയ്ക്കുകയാണുണ്ടായത്. വിഷയത്തിൽ കൂടുതൽ ഗൗരവമായ ചർച്ചകൾ വേണമെന്ന നിലപാടാണ് മന്ത്രി എ.പി.അനിൽകുമാർ പങ്കുവെച്ചതെങ്കിലും വാക്കുകൾ വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം കൈകാര്യം ചെയ്തത്.
പാർട്ടിക്കുള്ളിലെ പല കാര്യങ്ങളും മാധ്യമങ്ങളിലൂടെ അറിഞ്ഞതാണെങ്കിൽ പോലും, അത് മാധ്യമങ്ങൾക്ക് മുന്നിൽ തന്നെ തുറന്നുപറയേണ്ടിയിരുന്നോ എന്ന ചോദ്യവും കോൺഗ്രസിനുള്ളിൽ ശക്തമാണ്. എങ്കിലും അടൂർ പ്രകാശിനെ സംരക്ഷിക്കുന്ന തരത്തിലുള്ള കെപിസിസി പ്രസിഡന്റിന്റെ പ്രതികരണങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

