തിരുവനന്തപുരം ജില്ലയിൽ ആർമി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സാമൂഹിക മാധ്യമങ്ങൾ വഴി യുവതിയെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര ഊരൂട്ടുകാല ദേവി ക്ഷേത്രത്തിനു സമീപം രോഹിണി നിവാസിൽ ശ്രീജിത്ത് (32) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്.
വിഴിഞ്ഞം സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇൻസ്റ്റഗ്രാം വഴി വ്യാജ അക്കൗണ്ട് നിർമ്മിച്ച് ആർമി യൂണിഫോം ധരിച്ച ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്.
തുടർന്ന് വിവാഹവാഗ്ദാനം നൽകി യുവതിയുടെ വിശ്വാസ്യത പിടിച്ചുപറ്റുകയും പണവും ചിത്രങ്ങളും കൈക്കലാക്കി വഞ്ചിക്കുകയുമായിരുന്നു. കഴിഞ്ഞ മാർച്ച് 11 മുതൽ സെപ്തംബർ 16 വരെയുള്ള വിവിധ ഘട്ടങ്ങളിലായി ആകെ 3,93,000 രൂപയാണ് പ്രതി തട്ടിയെടുത്തത്.
പത്തനംതിട്ടയിൽ സമാനമായ രീതിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ജയിൽവാസം അനുഭവിച്ചതിന് ശേഷമാണ് പ്രതി വീണ്ടും ഈ കുറ്റകൃത്യം ആവർത്തിച്ചത്. അന്ന് പൊലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന പരിചയപ്പെട്ട
യുവതിയെയാണ് ഇയാൾ വഞ്ചിച്ചിരുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സമാനമായ രീതിയിൽ ഏഴോളം യുവതികളെ താൻ ചതിച്ചിട്ടുണ്ടെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ്.ഐ പ്രശാന്ത്, എസ്.സി.പി.ഒ വിനയകുമാർ, സി.പി.ഒമാരായ റെജിൻ, സാബു, ഗോഡ് വിൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

