തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന സെക്രട്ടറിയേറ്റ് മാർച്ചിനിടെ കൻ്റോൺമെന്റ് എസ്എച്ച്ഒയ്ക്കും എസ്ഐയ്ക്കും എതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രമുഖ സിപിഎം നേതാക്കൾക്കെതിരെ നിയമനടപടി. വി.
ജോയ് എംഎൽഎ, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രഞ്ജിത് രവീന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടയിലാണ് കന്റോൺമെന്റ് അസി. കമ്മീഷണർ ജയചന്ദ്രനുമായി സംസാരിക്കുന്നതിനിടയിൽ നേതാക്കൾ പൊലീസുദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്.
കന്റോൺമെന്റ് എസ്എച്ച്ഒ സതീശ്കുമാർ, എസ്ഐ ഗോകുൽ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ഭീഷണി. “അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഇവിടെ ഒരു കൊലപാതകം നടക്കും” എന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി.
ജോയ് പറഞ്ഞത്. ഇതിന് പുറമെ, എസ്ഐ ഗോകുലും സതീശ്കുമാറും തിരികെ വീട്ടിലെത്തി കുട്ടികളെ താലോലിക്കില്ലെന്ന തരത്തിലുള്ള പരാമർശമാണ് മുൻ മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ നടത്തിയത്.
അതേസമയം, വിവാദ സംഭവത്തിൽ വിശദീകരണവുമായി വി. ജോയ് രംഗത്തെത്തി.
എസ്എച്ച്ഒയോടല്ല, എസിപിയോടാണ് താൻ സംസാരിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം. ആരെയും കൊല്ലുമെന്നല്ല താൻ അർത്ഥമാക്കിയത്.
മറിച്ച്, പൊലീസ് ഇത്തരം പ്രവൃത്തികൾ തുടർന്നാൽ വിദ്യാർഥികളിൽ ഒരാൾ മരണപ്പെടാൻ ഇടയാകുമെന്നും, അങ്ങനെ ഒരു കൊലപാതകം ഇവിടെ ഉണ്ടാകും എന്നാണ് താൻ ഉദ്ദേശിച്ചതെന്നുമാണ് വി. ജോയ് നൽകിയ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

