അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുൻ കായികമന്ത്രി വി.
അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. തിരുവനന്തപുരത്തുനിന്നുള്ള അന്വേഷണ സംഘം വ്യാഴാഴ്ച മലപ്പുറത്ത് നേരിട്ടെത്തിയാണ് മൂന്നു മണിക്കൂറോളം മുൻ മന്ത്രിയെ ചോദ്യം ചെയ്തത്.
അർജന്റീന ടീമിനെ കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള കരാർ ലഭിച്ച സാഹചര്യം, ഇതിൽ കായിക വകുപ്പിന്റെയും വി. അബ്ദുറഹിമാന്റെയും ഭാഗത്തുനിന്നുണ്ടായ ഇടപെടലുകൾ എന്നിവയെക്കുറിച്ചെല്ലാം എസ്ഐടി വിവരങ്ങൾ തേടി.
ഔദ്യോഗിക ആശയവിനിമയങ്ങളിൽ ഒരു അധ്യാപിക ഇടനിലക്കാരിയായി പ്രവർത്തിക്കേണ്ടി വന്നതെങ്ങനെ, ടീമിനെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ വിദേശയാത്രയും അവിടത്തെ ചർച്ചകളുടെ വിശദാംശങ്ങൾ തുടങ്ങിയ നിർണായക വിവരങ്ങളും സംഘം ചോദിച്ചറിഞ്ഞു. നിബന്ധനകൾ കൃത്യമായി പാലിക്കാതെയാണ് സ്പോൺസർഷിപ്പ് നൽകിയതെന്ന പരാതിയിലും വി.
അബ്ദുറഹിമാന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെയും കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് യു.
ഷറഫലിയെയും എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. വകുപ്പുകളെ പൂർണ്ണമായും ഇരുട്ടിൽ നിർത്തിക്കൊണ്ട് മന്ത്രി ഏകപക്ഷീയമായാണ് പല നടപടികളും സ്വീകരിച്ചതെന്ന തരത്തിലുള്ള മൊഴികൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിന്റെ കായിക മേഖലയ്ക്ക് ഏറെ ഗുണകരമാകുന്ന ഒരു പദ്ധതി എന്ന നിലയിലാണ് അർജന്റീന ടീമിന്റെ സന്ദർശനത്തിനായി ഇടപെടൽ നടത്തിയതെന്നും പൂർണ്ണമായും സദുദ്ദേശ്യത്തോടെയാണ് പ്രവർത്തിച്ചതെന്നുമാണ് വി. അബ്ദുറഹിമാൻ മൊഴി നൽകിയിട്ടുള്ളതെന്നാണ് വിവരം.
എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പാലിച്ചാണ് വിദേശയാത്രകൾ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, എസ്ഐടി സംഘം മലപ്പുറത്തെത്തി മുൻ മന്ത്രിയെ നേരിൽ കണ്ടിട്ടില്ലെന്നും ചോദ്യം ചെയ്യലിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നുമാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

