സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള കർശന നിയമനടപടിയുടെ ഭാഗമായി വയനാട്ടിൽ സ്ഥിരം കുറ്റവാളിയെ ജില്ലയിൽ നിന്നും നാടുകടത്തി. വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന കുറ്റവാളിയാണ് നടപടിക്ക് വിധേയനായത്.
വൈത്തിരി കുന്നത്തിടവക പന്ത്രണ്ടാം പാലം എംകെ നിവാസിൽ എം കെ ദാസനെ (48) ആണ് വയനാട് ജില്ലയിൽ നിന്ന് ആറുമാസത്തെ കാലയളവിലേക്ക് പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയത്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഇയാൾക്കെതിരെ നിരവധി നിയമവിരുദ്ധ പ്രവർത്തന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസിൽ ആറ് കേസുകളും, ഇതിനുപുറമെ വൈത്തിരി പൊലീസ് സ്റ്റേഷനിൽ വിവിധ അബ്കാരി കേസുകളും ഇയാളുടെ പേരിലുണ്ട്. ഇത്തരം തുടർച്ചയായ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം അഥവാ KAAPA വകുപ്പ് 15(1) പ്രകാരമുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.
ജില്ലാ പൊലീസ് മേധാവി എസ് ദേവമനോഹർ ഐപിഎസ് സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ മേഖല ഡിഐജി കെ കാർത്തിക് ഐപിഎസ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നാടുകടത്തൽ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകരമായ നടപടിയാണിതെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

