സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണയറിയിച്ച് കത്തെഴുതിയ മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക മറുപടി ലഭിച്ചു. ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ, കീഴിലുള്ള മുഴുവൻ വിദ്യാലയങ്ങളിലെയും കുട്ടികൾക്കായി കഴിഞ്ഞ സെപ്റ്റംബർ 30-നാണ് കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചത്.
‘തൂഫാൻ സ്നേഹപൂർവം നന്മയ്ക്ക്’ എന്നതായിരുന്നു മത്സരത്തിന്റെ മുഖ്യ വിഷയം. ഡിജിറ്റൽ കാലഘട്ടത്തിലും നീല ഇൻലൻഡ് ലെറ്ററുകളിൽ ലഹരിക്കെതിരെ കത്തുകൾ തയ്യാറാക്കിയ വിദ്യാർത്ഥികളുടെ ആത്മാർത്ഥതയെ മാനിച്ചാണ് ആഭ്യന്തരമന്ത്രി സോഷ്യൽ മീഡിയയിലൂടെ മറുപടി പങ്കുവെച്ചത്.
‘പ്രിയപ്പെട്ട മക്കളെ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മന്ത്രി കുറിപ്പ് ആരംഭിക്കുന്നത്.
കുട്ടികളെയും ഒപ്പം അവരെ നയിച്ച അധ്യാപകരെയും, ഈ മാതൃകാപരമായ ആശയം നടപ്പിലാക്കിയ ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിനെയും മന്ത്രി അഭിനന്ദനമറിയിച്ചു. തുടർന്ന് സ്കൂൾ മാനേജർ, പ്രിൻസിപ്പൽ, മറ്റ് അധ്യാപകർ എന്നിവരും വിദ്യാർത്ഥികളെ നേരിട്ട് അനുമോദിച്ചു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക മറുപടി പൂർണ്ണരൂപത്തിൽ: “പ്രിയപ്പെട്ട മക്കളെ, ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിങ്ങൾ അയച്ച കത്തുകളിൽ പലതും ഞാൻ കണ്ടു; മനസ്സിലുറയ്ക്കുന്ന ആ വരികൾ വായിച്ചപ്പോൾ തോന്നിയ സന്തോഷം വാക്കുകൾക്കതീതമാണ്.
ലഹരി മാഫിയയുടെ വേരറുക്കാൻ നാടൊന്നാകെ പൊരുതുന്ന ഈ ഘട്ടത്തിൽ, ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലെ സ്കൂളുകളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഒന്നിച്ച് കത്തെഴുതി മുന്നോട്ടുവന്നത് ലഹരിക്കെതിരെ നമ്മുടെ ചെറുത്തുനിൽപ്പിന്റെ വലിയൊരു മാതൃകയാണ്. ഡിജിറ്റൽ യുഗത്തിലും നീലനിറമുള്ള ആ ഇൻലൻഡുകളിൽ നിങ്ങളുടെ സ്വന്തം കൈപ്പടയിലെഴുതിയ ഓരോ അക്ഷരത്തിനും മായാത്തൊരു ഓട്ടോഗ്രാഫിന്റെ ജീവനും ആത്മാർത്ഥതയുമുണ്ട്.
ആ താളുകളിൽ നിങ്ങൾ പകർന്നുനൽകിയ പിന്തുണ ഈ പോരാട്ടത്തിന് കിട്ടിയ ഏറ്റവും വിലപ്പെട്ട അംഗീകാരമായി കേരള പൊലീസും ഞാനും ഹൃദയത്തോട് ചേർക്കുന്നു.
യുവത്വത്തിന്റെ തെളിമയാർന്ന ചിന്തകളിലേക്കും സ്വപ്നങ്ങളിലേക്കും ലഹരിയുടെ വിഷപ്പുക ഒരിക്കലും പടരരുത്. ലഹരിക്കെതിരായ നിങ്ങളുടെ ഈ ഉറച്ച നിലപാട് ക്യാമ്പസുകൾക്കും നാടിനാകെയും വഴിവിളക്കാകട്ടെ.
സ്വന്തം ജീവിതം കൊണ്ടും തീരുമാനങ്ങൾ കൊണ്ടും സമൂഹത്തിന് മുന്നറിയിപ്പും വെളിച്ചവുമാകാൻ നിങ്ങൾക്ക് സാധിക്കട്ടെ. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ മുന്നിൽ നിൽക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട
അധ്യാപകരെയും ചങ്ങനാശ്ശേരി അതിരൂപതാ മാനേജ്മെന്റിനെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിച്ചതായി അറിയിക്കുക. പ്രതിരോധത്തിന്റെ വഴിയിൽ കേരളത്തിന് മുഴുവൻ വലിയൊരു മാതൃകയാണ് നിങ്ങൾ കാണിച്ചുതന്നത്!– സ്നേഹാദരങ്ങളോടെ, നിങ്ങളുടെ സ്വന്തം -രമേശ് ചെന്നിത്തല-“
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

