ദേശീയപാതകളിലെ ടോൾ പിരിവ് കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായി പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI). രാജ്യത്ത് ആദ്യമായി തമിഴ്നാട്ടിലാണ് മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനം ഔദ്യോഗികമായി നടപ്പിലാക്കിയിരിക്കുന്നത്.
എൻഎച്ച്-179ബി യിലെ താംബരം-തിണ്ടിവനം പാതയിലെ പരനൂർ ടോൾ പ്ലാസയിലാണ് ഈ ആധുനിക സംവിധാനം ഇപ്പോൾ പ്രവർത്തനക്ഷമമാക്കിയിട്ടുള്ളത്. ഇതോടെ ടോൾ തുക നൽകുന്നതിനായി വാഹനങ്ങൾ ടോൾ പ്ലാസകളിൽ ഇനി മുതൽ നിർത്തിയിടേണ്ടുന്ന സാഹചര്യം പൂർണ്ണമായി ഒഴിവാകും.
വാഹനങ്ങൾക്ക് വേഗത കുറയ്ക്കാതെയും നിരയിൽ കാത്തുനിൽക്കാതെയും ടോൾ പ്ലാസ കടന്നുപോകാൻ സാധിക്കുമെന്നതാണ് പുതിയ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. യാത്രാവേളയിൽ വാഹനം സ്വന്തം ലെയ്നിൽ തന്നെ തുടരുമ്പോൾ ടോൾ പിരിവ് നടപടികൾ സ്വമേധയാ പൂർത്തിയാകും.
ഇതിനായി അത്യാധുനിക ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകളും ഫാസ്ടാഗ് സംവിധാനവുമാണ് സംയോജിപ്പിച്ചിരിക്കുന്നത്. ക്യാമറകൾ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കൃത്യമായി തിരിച്ചറിയുകയും, തുടർന്ന് ഫാസ്ടാഗ് വഴി ടോൾ തുക വാഹന ഉടമയുടെ അക്കൗണ്ടിൽ നിന്നും നേരിട്ട് ഈടാക്കുകയും ചെയ്യും.
ടോൾ കേന്ദ്രങ്ങളിൽ വാഹനങ്ങൾ തടഞ്ഞിടേണ്ടി വരാത്തത് മൂലം വലിയ തോതിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വാഹനങ്ങൾ നിരനിരയായി കിടക്കേണ്ടി വരാത്തതിനാൽ യാത്രാസമയം ഗണ്യമായി കുറയുമെന്നും പ്രതീക്ഷിക്കുന്നു.
ഇടയ്ക്കിടെ വണ്ടി നിർത്തി വീണ്ടും എടുക്കേണ്ട സാഹചര്യം ഒഴിവാകുന്നതുവഴി ഇന്ധന ഉപഭോഗത്തിലും കുറവുണ്ടാകും.
ടോൾ പ്ലാസകളിലെ വാഹനങ്ങളുടെ കാത്തിരിപ്പ് സമയം കുറയുന്നത് അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനും സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ടോൾ പിരിവിലെ മാനുഷിക ഇടപെടലുകൾ പരമാവധി ഒഴിവാക്കാനും ഈ നൂതന സംവിധാനത്തിലൂടെ സാധിക്കും.
ഇതുവഴി നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കി മാറ്റാൻ കഴിയുമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. തമിഴ്നാടിന് പുറമെ രാജ്യത്തെ മറ്റ് വിവിധ ദേശീയപാതകളിലും മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ സംവിധാനം ഘട്ടംഘട്ടമായി നടപ്പിലാക്കിവരികയാണ്.
ഗുജറാത്തിലെ എൻഎച്ച്-48 ലെ സൂറത്ത്-ഭറൂച്ച് പാതയിലെ ചൊര്യാസി ടോൾ പ്ലാസയിൽ ഈ സംവിധാനം ഇതിനകം തന്നെ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഡൽഹി-എൻസിആറിലെ യുഇആർ-II ലെ മുണ്ട്ക-ബക്കർവാല ടോൾ പ്ലാസയിലും ഇത് നടപ്പിലാക്കിയിട്ടുണ്ട്.
ഇതു കൂടാതെ രാജസ്ഥാനിലെ ഡൽഹി-ജയ്പൂർ എൻഎച്ച്-48 ലെ ഷാജഹാൻപൂർ, ദൗലത്പുർ, മനോഹർപുർ ടോൾ പ്ലാസകളിലും, ഹരിയാനയിലെ എൻഎച്ച്-44 ലെ പാനിപ്പത്ത്-ജലന്ധർ പാതയിലെ ഘരൗണ്ട ടോൾ പ്ലാസയിലും പുതിയ സംവിധാനം നിലവിലുണ്ട്.
ഈ സംവിധാനമുള്ള ടോൾ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ ഫാസ്ടാഗ് നിർബന്ധമായും സജീവമായിരിക്കണം. കൂടാതെ അക്കൗണ്ടിൽ ആവശ്യത്തിന് തുകയുണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
ഫാസ്ടാഗ് ഇല്ലാത്തതോ പ്രവർത്തനരഹിതമായതോ ആയ വാഹനങ്ങൾക് ഇലക്ട്രോണിക് അറിയിപ്പുകൾ ലഭിച്ചേക്കാം. അതിനാൽ ദീർഘദൂര യാത്രകൾക്ക് തിരിക്കുന്നതിന് മുൻപ് ഫാസ്ടാഗ് പ്രവർത്തനക്ഷമമാണെന്നും മതിയായ ബാലൻസ് ഉണ്ടെന്നും വാഹന ഉടമകൾ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
ടോൾ പ്ലാസകളുടെ നിർമാണത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കുമുള്ള ചെലവ് കുറയ്ക്കാനും പുതിയ സാങ്കേതികവിദ്യ സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്തെ കൂടുതൽ ദേശീയപാതകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

