വടകര മൂരാട് പുഴയ്ക്കു കുറുകെ ഇരുഭാഗത്തേക്കും പുതിയ റെയിൽവേ പാലങ്ങളുടെ നിർമ്മാണം പൂർത്തിയായി ഔദ്യോഗിക സർവീസുകൾ ആരംഭിച്ചു. ഇതുവരെ ഉപയോഗത്തിലുണ്ടായിരുന്ന പഴയപാലം പൂർണമായും ഉപേക്ഷിച്ചുകൊണ്ടാണ് പുതിയ പാലങ്ങളിലൂടെയുള്ള ട്രെയിൻ ഗതാഗതം ഇന്നലെ പുലർച്ചെ മുതൽ ആരംഭിച്ചിരിക്കുന്നത്.
കണ്ണൂർ ഭാഗത്തേക്കുള്ള പുതിയ പാലം സജ്ജമാക്കുന്നതിന്റെ ഭാഗമായി പുലർച്ചെ 3 വരെ നീണ്ട എൻജിനീയറിങ്, ഇലക്ട്രിക്കൽ പ്രവൃത്തികൾ റെയിൽവേ ഏകോപിപ്പിച്ചു.
പുതിയ പാലത്തിലെ ലൈനുമായി റെയിൽവേ ലൈൻ വിജയകരമായി യോജിപ്പിച്ച ശേഷമാണ് സർവീസുകൾ തുടങ്ങിയത്. ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് കടന്നു പോയതോടെയാണ് ഈ പാലം ഗതാഗതത്തിനു പൂർണ്ണമായി തുറന്നു കൊടുത്തത്.
കോഴിക്കോട് ഭാഗത്തേക്കുള്ള പുതിയ പാലം കഴിഞ്ഞ 18ന് തന്നെ തുറന്നു കൊടുത്തിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച പഴയ പാലത്തിലൂടെയായിരുന്നു കഴിഞ്ഞ 30 വരെ കണ്ണൂർ ഭാഗത്തേക്ക് ട്രെയിനുകൾ സർവീസ് നടത്തിയിരുന്നത്.
നിലവിൽ കണ്ണൂർ ഭാഗത്തേക്കുള്ള പുതിയ പാലം, കോഴിക്കോട് ഭാഗത്തെ പാലം നിർമ്മിക്കുന്നതിന് ഏതാനും വർഷം മുൻപ് തന്നെ പണിപൂർത്തിയാക്കിയതായിരുന്നു. ബുധനാഴ്ച രാത്രി 8 മണിക്ക് ആരംഭിച്ച നിർമ്മാണ പ്രവൃത്തികൾ പുലർച്ചെ രണ്ടര വരെ നീണ്ടുപോയി.
തുടർന്ന് ഇലക്ട്രിക്കൽ ലൈനിന്റെ അലൈൻമെന്റിലുണ്ടായ സാങ്കേതിക പ്രശ്നം കാരണം പ്രവൃത്തി അരമണിക്കൂർ കൂടി വൈകിയാണ് അവസാനിച്ചത്. സിഗ്നൽ സംവിധാനവും ഇന്റർ ലോക്കിങ് സംവിധാനവും താൽക്കാലികമായി വിഛേദിച്ച ശേഷമാണ് നിലവിലുള്ള റെയിൽവേ ലൈൻ പുതിയ പാലത്തിലെ പാതകളുമായി ബന്ധിപ്പിക്കുന്ന ‘കട്ട് ആൻഡ് കണക്ഷൻ’ പ്രവൃത്തികൾ അധികൃതർ ആരംഭിച്ചത്.
പാലം മാറ്റത്തിന്റെ ഭാഗമായുള്ള ജോലികൾ കാരണം ട്രെയിൻ ഗതാഗതത്തിൽ ചെറിയ തോതിൽ തടസ്സമുണ്ടായി. മാവേലി എക്സ്പ്രസ് 50 മിനിറ്റും കൊച്ചുവേളി ഭാവ്നഗർ ടെർമിനസ് എക്സ്പ്രസ് 45 മിനിറ്റും വൈകിയാണ് സർവീസ് നടത്തിയത്.
വടകരയിൽ നിന്നു തിക്കോടിക്കുള്ള അപ് ലൈനിൽ തന്നെ തിരിച്ച് തിക്കോടിയിൽ നിന്ന് വടകരയിലേക്ക് തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, എറണാകുളം–ഓഖ എക്സ്പ്രസ്, എറണാകുളം–ലോക്മാന്യതിലക് എക്സ്പ്രസ് എന്നിവ കടത്തിവിട്ടു. അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ ജെറിൻ വി.ആനന്ദ്, ചീഫ് എൻജിനീയർ വിജയ പാണ്ഡേ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ഡപ്യൂട്ടി ചീഫ് എൻജിനീയർ ഷബിൻ ആസിഫ്, സീനിയർ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ സന്ദീപ്, അസിസ്റ്റന്റ് എൻജിനീയർ ജവാഹർ, ട്രാഫിക് ഇൻസ്പെക്ടർമാരായ വത്സലൻ കുനിയിൽ, വി.അജിത്, രാജേഷ് എന്നിവരുൾപ്പെട്ട സംഘം നേതൃനിരയിലുണ്ടായിരുന്നു.
കോഴിക്കോട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഹബീബ് റഹ്മാൻ എൻജിനീയറിങ് പ്രവൃത്തികൾക്കു നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

