ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ ഏലിയാസ് സഖറിയ പാറേൽ (66) അന്തരിച്ചു. ക്നാനായ സമുദായ അൽമായ പ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ ശ്രദ്ധേയനായ അദ്ദേഹം കാസറോൾ കേറ്ററേഴ്സിന്റെ ഉടമയാണ്.
മൃതദേഹം 3ന് വൈകിട്ട് 4 മുതൽ ചിങ്ങവനം ദയറ പള്ളി ഹാളിൽ പൊതുദർശനത്തിനുവയ്ക്കും. രാത്രി 8ന് നീലംപേരൂരിലെ വസതിയിലേക്കു കൊണ്ടുപോകും.
4ന് ഉച്ചയ്ക്കു 2ന് വീട്ടിലെ പ്രാർഥനകൾക്കു ശേഷം വൈകിട്ട് 4ന് നീലംപേരൂർ സെന്റ് ജോർജ് ക്നാനായ വലിയപള്ളിയിലാണ് സംസ്കാരം. പാറേൽ പി.സഖറിയ, റാന്നി മുണ്ട്കോട്ടയ്ക്കൽ ചാച്ചിക്കുട്ടി എന്നിവരുടെ മകനായി 1960 നവംബർ ഒന്നിനാണ് ജനനം.
യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ക്നാനായ അസോസിയേഷന്റെയും ക്നാനായ കമ്മിറ്റിയുടെയും സെക്രട്ടറി, ക്നാനായ കോൺഗ്രസ് ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപ്പെട്ടു.
ഭാര്യ: വെളിയനാട് വലിയപറമ്പിൽ പരേതയായ ലൂണ എലിസബത്ത് ഏലിയാസ്. മക്കൾ: സൂസൻ ഏലിയാസ്, മറിയം ഏലിയാസ് (ഇരുവരും ബെംഗളൂരു).
സൗഹൃദത്തിന്റെ മധുരം പകർന്ന് ‘ഏറ്റവും നല്ല ഭക്ഷണം, അതേറ്റവും തൃപ്തികരമായി ഒപ്പമുള്ളവർ കഴിക്കണം’. – അന്തരിച്ച ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ ഏലിയാസ് സഖറിയ പാറേലിന്റെ ജീവിതചിട്ടയായിരുന്നു അത്.
സമരകാലത്തും രാഷ്ട്രീയപ്പോരാട്ടങ്ങളുടെ തീച്ചൂളകൾക്കിടയിലും സൗഹൃദത്തിന്റെ മധുരം ആവോളം നിറച്ച് എതിരാളികൾക്കും കൂട്ടാളികൾക്കുമെല്ലാം ‘ഏലിയാസുകുട്ടി’ ഭക്ഷണം എത്തിച്ചുകൊണ്ടേയിരുന്നു. സുരേഷ്കുറുപ്പ്, ഡിജോ കാപ്പൻ, സി.കെ.ജീവൻ, പി.എ.സലീം തുടങ്ങിയവർ ഉൾപ്പെട്ട
കോട്ടയത്തെ കോഫിഹൗസ് കൂട്ടായ്മയിലെ സജീവ അംഗമായിരുന്നു ഏലിയാസ്. അങ്ങനെ എല്ലാവർക്കും ഭക്ഷണം വാങ്ങിനൽകിയ പതിറ്റാണ്ടുകൾക്കു ശേഷം, ഒരുനാൾ സ്വന്തമായി കേറ്ററിങ് സ്ഥാപനം തുടങ്ങി ഏലിയാസ് കൂട്ടുകാരെ ഞെട്ടിച്ചു.
കഴിഞ്ഞ വർഷമാണ് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2028 വരെ കാലാവധിയുണ്ടായിരുന്നു.
വലിയ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചാണ് ഇത്തവണത്തെ സംസ്ഥാന വാർഷികം കോട്ടയത്ത് അദ്ദേഹം സംഘടിപ്പിച്ചത്. സമ്മേളന ഘോഷയാത്രയിൽ, വിവിധ ജില്ലകളിൽനിന്നെത്തിയ ആയിരക്കണക്കിനു പ്രതിനിധികൾക്കു മുൻപിൽ തുറന്ന വാഹനത്തിൽ സഞ്ചരിച്ച് അദ്ദേഹം നേതൃത്വം നൽകി.
ആംബുലൻസും ഡോക്ടർമാരുടെ സംഘത്തെയും അദ്ദേഹം സമ്മേളന നഗരിയിൽ മുഴുവൻ സമയവും ഏർപ്പാടാക്കി. അതെക്കുറിച്ച് ചോദിച്ചവരോടെല്ലാം ‘ഇവിടെനിന്നെല്ലാവരും സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കിഴക്കിന്റെ വലിയ മെത്രാപ്പൊലീത്ത ഏബ്രഹാം മാർ ക്ലിമ്മീസുമായി അഭേദ്യമായ ബന്ധം പുലർത്തിയ അദ്ദേഹം ക്നാനായ അസോസിയേഷൻ സെക്രട്ടറിയായി ചെറുപ്രായത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 1995ലും 98ലും തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട
അദ്ദേഹം 2012 ൽ വീണ്ടും സെക്രട്ടറിയായി. ഏബ്രഹാം മാർ ക്ലിമ്മീസിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആചരണത്തിനായി സഭാചരിത്രത്തിൽ അപൂർവമായ അൻപത്തിനൊന്നിൻമേൽ കുർബാന റാന്നിയിൽ സംഘടിപ്പിച്ചു.
അന്ന് ഉപരാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണനെ ചിങ്ങവനത്തെ പരിപാടിയിൽ ഉദ്ഘാടകനായി എത്തിക്കുകയും ചെയ്തു. ബാവായുടെ മെത്രാഭിഷേക സുവർണജൂബിലിക്ക് അന്ത്യോഖ്യാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായെ എത്തിച്ചതും അദ്ദേഹത്തിന്റെ സംഘാടകമികവിന്റെ സാക്ഷ്യമായി.
വേൾഡ് അസോസിയേഷൻ ഓഫ് ക്നാനായ ഒൻട്രപ്രനേഴ്സിനു തുടക്കമിട്ട അദ്ദേഹം എട്ടാം ക്ലാസ് മുതൽ 12–ാം ക്ലാസ് വരെ മിടുക്കരായ വിദ്യാർഥികളെ പഠിപ്പിക്കുന്നതിന് ‘സൂപ്പർസ്റ്റാർ’ എന്നപേരിൽ പദ്ധതി തുടങ്ങി.
വള്ളംകളി പ്രേമിയായിരുന്ന ഏലിയാസ് സഖറിയ ആലപ്പുഴയിലെ വള്ളംകളികളിലെല്ലാം സജീവമായി. നീലംപേരൂർ ബോട്ട് ക്ലബ്ബിന്റെ ക്യാപ്റ്റനുമായി.
കേരള കോൺഗ്രസ് രാഷ്ട്രീയത്തിനൊപ്പം എന്നും സഞ്ചരിച്ച അദ്ദേഹം കെ.എം.മാണി, ആർ.ബാലകൃഷ്ണ പിള്ള, പി.ജെ.ജോസഫ് എന്നിവരുമായി അടുത്ത ബന്ധം സൂക്ഷിച്ചു. പിന്നീട് പാർട്ടി പിളർന്നപ്പോൾ പി.ജെ.ജോസഫിനൊപ്പം നിലകൊണ്ടു.
ആത്മാർഥതയുള്ള കാര്യക്ഷമതയുള്ള നേതാവായിരുന്നു ഏലിയാസ് സഖറിയയെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. മന്ത്രി മോൻസ് ജോസഫ്, ജില്ലാ പ്രസിഡന്റ് ജെയ്സൺ ജോസഫ് എന്നിവരും അനുശോചിച്ചു.

