ചേര്‍ത്തല പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ പതിനേഴ് വർഷങ്ങൾക്ക് ശേഷം പിടികൂടി. നാടുമായി യാതൊരുവിധ ബന്ധവും പുലർത്താതെ ഒളിവിൽ കഴിഞ്ഞിരുന്ന മുഹമ്മ സ്വദേശി പ്രശാന്തിനെയാണ് ചേര്‍ത്തല പൊലീസ് മറയൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.
2009-ൽ പ്രശാന്തും മറ്റ് നാല് പേരും ചേർന്ന് ചേർത്തല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വീട് ആക്രമിക്കുകയും, തുടർന്ന് ഗൃഹനാഥനെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഈ കേസിൽ നാല് പ്രതികളെയും പൊലീസ് അന്ന് തന്നെ പിടൂകൂടിയിരുന്നു.
തുടർന്ന് കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് പ്രശാന്ത് ഒളിവിൽ പോയത്. ഈ കേസിലെ മറ്റ് മൂന്ന് പ്രതികളുടെയും വിചാരണ നടപടികൾ കോടതിയിൽ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
എന്നാൽ പ്രശാന്തിനെക്കുറിച്ച് യാതൊരു വിവരവും ലഭ്യമാകാതെ വന്നതിനെ തുടർന്ന് ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാനത്ത് പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനായി നടപ്പിലാക്കി വരുന്ന പ്രത്യേക അന്വേഷണത്തിന്റെ (സ്പെഷ്യൽ ഡ്രൈവ്) ഭാഗമായി നടത്തിയ തീവ്രശ്രമത്തിലാണ് പ്രശാന്ത് മറയൂരിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന നിർണായക വിവരം പൊലീസിന് ലഭിച്ചത്.
തുടർന്ന് ചേർത്തല ഇൻസ്പെക്ടർ മഞ്ജുദാസിന്റെ നേതൃത്വത്തിൽ എഎസ്ഐ രതീഷ് ഗോപകുമാർ, സിവില്‍ പൊലീസ് ഓഫിസര്‍ സനിൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം മറയൂരിൽ എത്തി പ്രതിയെ പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

