ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് സമീപം കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി കേസിൽ ഉൾപ്പെട്ട
പതിമൂന്നുകാരി. വീട്ടിലെ സ്വർണം മോഷ്ടിക്കാൻ താൻ നടത്തിയ ശ്രമം മുത്തച്ഛൻ നേരിൽ കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി.
ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ പ്രത്യേക അനുമതിയോടെയാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം പ്രതിയെ ചോദ്യം ചെയ്തത്. രാവിലെ 9 മണി മുതൽ വൈകിട്ട് 4.45 വരെ നീണ്ട
ചോദ്യം ചെയ്യൽ നടപടികൾ ജില്ലാ ശിശുക്ഷേമ ഓഫിസർ, പ്രൊബേഷനറി ഓഫിസർ എന്നിവരുടെ സാന്നിധ്യത്തിലാണ് പൂർത്തിയായത്. ഓഗസ്റ്റ് 15 നു രാത്രിയാണ് കരുവാറ്റയിലെ വാടകവീട്ടിൽ അറുപത്തിയേഴുകാരനായ വയോധികൻ കൊല്ലപ്പെട്ടത്.
കൊച്ചുമകളുടെ അറിവോടെ സുഹൃത്തുക്കളായ മൂന്നു കൗമാരക്കാർ ചേർന്നു കൃത്യം നടത്തിയെന്നാണ് കേസ്. വീട്ടിലെ സ്വർണം കവർന്ന് പെൺകുട്ടിക്ക് ഐഫോണും ആൺസുഹൃത്തിന് ബൈക്കും വാങ്ങാൻ ഇരുവരും നേരത്തെ പദ്ധതിയിട്ടിരുന്നതായി മൊഴിയിലുണ്ട്.
ഇതിന്റെ ഭാഗമായി സ്വർണം സൂക്ഷിച്ചിരുന്ന അലമാര സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് തുറക്കാൻ ശ്രമിക്കവേ മുത്തച്ഛൻ കടന്നുവരികയായിരുന്നു. തുടർന്ന് മുത്തച്ഛൻ സ്ക്രൂ ഡ്രൈവർ വാങ്ങി നിലത്തെറിയുകയും കടുത്ത രീതിയിൽ ശാസിക്കുകയും ചെയ്തു.
ഈ വിവരം അമ്മയെയും ബന്ധുക്കളെയും അറിയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു. മോഷണ വിവരം പുറത്തറിയുമെന്ന ഭയവും, വീണ്ടും സ്വർണം നഷ്ടപ്പെട്ടാൽ അതു ചെയ്തത് താനാണെന്ന് മുത്തച്ഛൻ തിരിച്ചറിയുമെന്ന ആശങ്കയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പെൺകുട്ടി വ്യക്തമാക്കി.
പിറ്റേദിവസം തന്നെ കൃത്യം നടത്തിയില്ലെങ്കിൽ സ്വർണം കൈക്കലാക്കാൻ കഴിയില്ലെന്ന് കൊല്ലത്തുള്ള ആൺസുഹൃത്തിനെ ഫോണിൽ അറിയിച്ചു. തന്നോടു മോശമായി പെരുമാറിയതിനാൽ മുത്തച്ഛനെ വധിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു.
ഇതിനായി വീടിന്റെ ലൊക്കേഷൻ വാട്സാപിൽ അയച്ചുകൊടുക്കുകയും ചെയ്തു. സംഭവദിവസം രാവിലെ കരുവാറ്റയിൽ തന്നെയുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പെൺകുട്ടി മാറിനിന്നു.
അന്നു രാത്രി കൊല്ലം സ്വദേശിയായ ആൺസുഹൃത്തുൾപ്പെടെ മൂന്നുപേർ ചേർന്നാണ് കൊലപാതകം നടത്തിയത്. വീടിനുള്ളിൽ സ്വർണം സൂക്ഷിച്ചിരിക്കുന്ന അലമാര ഏതു ഭാഗത്താണെന്ന് കാണിച്ചുകൊടുക്കാൻ ആൺസുഹൃത്ത് വിഡിയോ കോൾ ചെയ്തിരുന്നു.
ഈ സമയത്താണ് മുത്തച്ഛന്റെ മൃതദേഹം വിഡിയോ കോളിലൂടെ താൻ കണ്ടതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കേസിൽ പ്രതികളായ മൂന്നു കൗമാരക്കാർക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.
പെൺകുട്ടിയുടെ ജാമ്യാപേക്ഷ വരുന്ന 3-ാം തീയതി കോടതി പരിഗണിക്കും. കൗമാരക്കാരായ മൂന്നുപേരെയും നേരത്തെ എട്ടു മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്യുകയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
എന്നാൽ 16 വയസ്സിൽ താഴെയുള്ളവരെ പൊലീസ് കസ്റ്റഡിയിൽ വിടാൻ ബാലനീതി നിയമം അനുവദിക്കാത്തതിനാലാണ് പെൺകുട്ടിയെ കസ്റ്റഡിയിൽ വാങ്ങാതെ ചോദ്യം ചെയ്യൽ മാത്രം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

