മന്ത്രിമാരുടെ യാത്ര തടഞ്ഞതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങൾക്കൊടുവിൽ തിരുവനന്തപുരം നഗരത്തിൽ അർധരാത്രി വരെ നീണ്ട
കലാപാന്തരീക്ഷം. ഡിസിസി ഓഫിസിനു നേരെ ഇന്നലെ രാവിലെയുണ്ടായ കല്ലേറാണ് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തെ അക്ഷരാർഥത്തിൽ യുദ്ധക്കളമാക്കിയത്.
മന്ത്രിമാരെ തടയുന്നതിനെച്ചൊല്ലി കോൺഗ്രസ്– ബിജെപി പോര് നിലനിൽക്കെ, എസ്എഫ്ഐ കൂടി രംഗത്തിറങ്ങിയതോടെ സ്ഥിതി കൂടുതൽ വഷളായി. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും ജില്ലാ കേന്ദ്രങ്ങളിൽ പൊലീസിനെതിരെ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
എസ്എഫ്ഐ പ്രവർത്തകർക്കെതിരായ പൊലീസ് നടപടിക്കെതിരെ ഇന്ന് വൈകിട്ട് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രകടനവും നടക്കും. ഡിസിസി ഓഫിസിനു നേരെ ബിജെപി നടത്തിയ കല്ലേറിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിരോധ മാർച്ചിനിടയാണ് സംഘർഷത്തിന്റെ തുടക്കം.
പന്തം കൊളുത്തി പ്രകടനത്തിന് ഒരുങ്ങി നിൽക്കുമ്പോൾ വൈദ്യുതി നിലയ്ക്കുകയും, തുടർന്ന് യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ നിന്ന് എസ്എഫ്ഐ പ്രവർത്തകർ കൂക്കിവിളിക്കുകയും ചെയ്തു. ഇതിന് മറുപടിയായി പന്തവും ഇഷ്ടികയും ഹോസ്റ്റലിനുള്ളിലേക്ക് എറിഞ്ഞു.
പ്രകടനം കഴിഞ്ഞ് മടങ്ങിയ യൂത്ത് കോൺഗ്രസ്–കെഎസ്യു പ്രവർത്തകരും എസ്എഫ്ഐക്കാരും തമ്മിൽ കല്ലേറും കുപ്പിയേറുമായി തെരുവ് ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളെത്തി. വിവരമറിഞ്ഞെത്തിയ കന്റോൺമെന്റ് പൊലീസ് ഹോസ്റ്റലിനുള്ളിൽ കയറി വിദ്യാർഥികളെ മർദിക്കുകയായിരുന്നു.
ഈ സംഭവത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവിനും മർദനമേറ്റു. ഏതാനും വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ റോഡരികിലെ ബോർഡുകളും ഹോർഡിങ്ങുകളും ഇരുവിഭാഗവും വ്യാപകമായി നശിപ്പിച്ചു. സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചെങ്കിലും രാത്രിയോടെ സിപിഎം നേതാക്കളും ജനപ്രതിനിധികളും സ്ഥലത്തെത്തിയതോടെ സംഘർഷം പുതിയ വഴിതിരിവിലായി.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജ, ജില്ലാ സെക്രട്ടറി വി.ജോയ്, വി.കെ.സനോജ് എംഎൽഎ തുടങ്ങിയവരും എസ്എഫ്ഐ പ്രവർത്തകർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. രാത്രി പത്തേമുക്കാലോടെ നേതാക്കൾ ഇടപെട്ട് അനുനയത്തിലെത്തിയതോടെയാണ് മണിക്കൂറുകൾ നീണ്ട
സംഘർഷാവസ്ഥ അയഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ അമിത് ഷായ്ക്കെതിരെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതും, തുടർന്ന് മുഖ്യമന്ത്രിക്ക്കരെയും മന്ത്രിമാർക്കതിരെയും യുവമോർച്ച സംസ്ഥാനവ്യാപകമായി പ്രതിഷേധിച്ചതുമാണ് ഇന്നലത്തെ വലിയ അക്രമപരമ്പരകളിലേക്ക് നയിച്ചത്.
നെയ്യാറ്റിൻകരയിലും ആനാവൂരിലും ഇരു വിഭാഗങ്ങളുടെയും ഓഫിസുകൾക്കും ഫ്ലെക്സുകൾക്കും നേരെ ആക്രമണങ്ങൾ നടന്നിരുന്നു. തുടർന്ന് രാത്രിയോടെയാണ് തലസ്ഥാന നഗരത്തിൽ വൻതോതിലുള്ള സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

