തിരുവനന്തപുരം നഗരത്തിൽ എസ്എഫ്ഐ – യൂത്ത് കോൺഗ്രസ് സംഘർഷം രൂക്ഷമായി. എസ്എഫ്ഐ പ്രവർത്തകരെ ഹോസ്റ്റലിൽ കയറി പൊലീസ് മർദ്ദിച്ച സംഭവത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ആസൂത്രിതമായ മർദനമാണ് നടന്നതെന്നും യുഡിഎഫ് ഭരിക്കുമ്പോൾ ഹോസ്റ്റലിനെയും യൂണിവേഴ്സിറ്റി കോളേജിനെയും ലക്ഷ്യമിടാറുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി. എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസും പൊലീസും അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത് കാടത്തമാണെന്നും ഒരു സംഘടനയും ചെയ്യാൻ പാടില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും രംഗത്തുവന്നു.
ക്രമസമാധാന പാലനത്തിന്റെ ഭാഗമായി എഡിജിപി പി. വിജയൻ സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുന്നുണ്ട്.
പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസ് യൂത്ത് കോൺഗ്രസുകാർ തടയുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ് – എസ്എഫ്ഐ തർക്കം അതിരൂക്ഷമായതോടെ നഗരത്തിലെ സ്ഥിതിഗതികൾ കൈവിട്ടുപോയി.
പാളയത്ത് പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഹോസ്റ്റലിന് പുറത്ത് നിലയുറപ്പിച്ചിരുന്ന കെഎസ്യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയും പൊലീസ് ലാത്തിച്ചാർജ് ആരംഭിച്ചു.
സംഘർഷത്തിനിടയിൽ എസ്എഫ്ഐയുടെ കൊടി പ്രതിഷേധക്കാർ കത്തിച്ചു. പൊലീസുകാർ അടക്കം നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ പ്രവർത്തകരെ ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതിഗതികൾ കൂടുതൽ വഷളായതോടെ പൊലീസ് ഹോസ്റ്റൽ വളപ്പിലേക്ക് പ്രവേശിച്ചു.
ഇതിനിടെ ഒരു വിഭാഗം പ്രവർത്തകർ ഹോസ്റ്റലിനകത്തേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് വീണ്ടും ഗ്രനേഡ് പ്രയോഗിച്ചു. പ്രതിഷേധം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് ജലപീരങ്കി വാഹനങ്ങളും എത്തിച്ചിട്ടുണ്ട്.
നിലവിൽ വലിയ രീതിയിലുള്ള സംഘർഷാവസ്ഥയാണ് തിരുവനന്തപുരം പാളയം പ്രദേശത്ത് നിലനിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

