കേരളത്തിലെ ജലാശയങ്ങളിൽ ജലത്തിൽ പൊങ്ങിക്കിടക്കുന്ന സോളർ പ്ലാന്റുകൾ സ്ഥാപിച്ച് വൻതോതിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് പുതിയ പഠനറിപ്പോർട്ട്. ജലാശയങ്ങളുടെ ആകെ വിസ്തൃതിയുടെ 20% മാത്രം ഉപയോഗപ്പെടുത്തുമ്പോഴാണ് 2.2 ജിഗാവാട്ട് (2200 മെഗാവാട്ട്) വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുമെന്ന് കണ്ടെത്തലായിട്ടുള്ളത്.
കേന്ദ്ര ഊർജ മന്ത്രാലയത്തിനു കീഴിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളർ എനർജി നടത്തിയ പഠനത്തിലാണ് ഈ നിർണായക വിവരങ്ങളുള്ളത്. കരയിൽ ഭൂമി ലഭിക്കുന്നതിനുള്ള പരിമിതികൾ നേരിടുന്ന കേരളം പോലുള്ള പ്രദേശങ്ങൾക്ക് ഇത്തരം ഫ്ലോട്ടിങ് സോളർ പ്ലാന്റുകൾ (എഫ്എസ്പിവി) വൈദ്യുതോൽപാദനം വർധിപ്പിക്കുന്നതിന് ഏറെ അനുയോജ്യമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, ഇത്തരം പ്ലാന്റുകൾ സ്ഥാപിക്കുമ്പോൾ ചില പാരിസ്ഥിതിക വെല്ലുവിളികൾ ഉണ്ടാകാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ പദ്ധതിക്കായി അനുയോജ്യമാണെന്ന് കണ്ടെത്തിയ ജലാശയങ്ങളുടെ ആകെ വിസ്തൃതി 42.29 ചതുരശ്ര കിലോമീറ്ററാണ്.
എഫ്എസ്പിവിയുടെ പ്രധാന പ്രത്യേകതകൾ:
പരമ്പരാഗത രീതിയിൽ പ്രയോജനപ്പെടുത്താത്ത ജലപ്രതലങ്ങൾ ഉപയോഗിക്കുന്നതിനാൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ഒഴിവാക്കാൻ സാധിക്കും.
ജലാശയങ്ങളുടെ ഉപരിതലത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ സോളർ പാനലുകളുടെ പ്രവർത്തന താപനില കുറയുകയും അതുവഴി കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുകയും ചെയ്യും. നിലവിലുള്ള ജലവൈദ്യുത സംഭരണികളോടൊപ്പം തന്നെ ഇത്തരം പ്ലാന്റുകൾ സ്ഥാപിക്കുവാൻ സാധിക്കുമെന്നതും പ്രത്യേകതയാണ്.
ഇതിലൂടെ സബ്സ്റ്റേഷനുകൾ, റോഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ രണ്ട് പദ്ധതികൾക്കും ഒരുപോലെ ഉപയോഗപ്പെടുത്താം. വരണ്ട
പ്രദേശങ്ങളിൽ ജലത്തിന്റെ ബാഷ്പീകരണം കുറയ്ക്കാൻ പാനലുകൾ സഹായിക്കുമെങ്കിലും, ജലത്തിന്റെ താപനിലയിലുള്ള മാറ്റങ്ങളും ജല ആവാസ വ്യവസ്ഥയിലുണ്ടാകുന്ന ആഘാതങ്ങളും പോലുള്ള പ്രശ്നങ്ങളും ഇതിലൂടെ രൂപപ്പെടാം. പുരപ്പുറ സോളറിലും ശ്രദ്ധേയമായ മുന്നേറ്റം:
പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജന പ്രകാരമുള്ള പുരപ്പുറ സോളർ പദ്ധതിയുടെ നടപ്പാക്കലിലും രാജ്യത്ത് മികച്ച മുന്നേറ്റമാണ് കേരളം കൈവരിച്ചിട്ടുള്ളത്.
ഈ പദ്ധതിപ്രകാരം ഇതുവരെ സംസ്ഥാനത്തുനിന്ന് 4.75 ലക്ഷം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 3.69 ലക്ഷം വീടുകളിൽ ഇതിനകം പുരപ്പുറ സോളർ സംവിധാനങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു.
ഇതിലൂടെ 1401.66 മെഗാവാട്ട് ആണ് ആകെ സ്ഥാപിത ഉൽപാദനശേഷി കൈവരിച്ചിട്ടുള്ളത്. ഉപയോക്താക്കൾക്ക് സബ്സിഡിയായി ആകെ 2343.06 കോടി രൂപ ഇതുവരെ ലഭിച്ചിട്ടുണ്ട്.
രാജ്യമാകെ നോക്കുമ്പോൾ 59.26 ലക്ഷം വീടുകളിലാണ് പിഎം സൂര്യഘർ പദ്ധതി പ്രകാരം സോളർ വൈദ്യുതി ലഭ്യമാക്കിയിട്ടുള്ളത്. ഇതിന്റെ ആകെ ഉൽപാദനശേഷി 17,501.13 മെഗാവാട്ട് വരും.
കേന്ദ്ര സർക്കാർ ഈ പദ്ധതിക്കായി ആകെ അനുവദിച്ച സബ്സിഡി 32,897.68 കോടി രൂപയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

