ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ക്രൂരമായ കൊലപാതകം പുറത്തുവന്നു. യുവതിയെ ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് കനാലിൽ തള്ളിയ കേസിൽ ഇറച്ചിക്കട
ഉടമ അറസ്റ്റിലായിട്ടുണ്ട്. ആന്ധ്രപ്രദേശിലെ മംഗളഗിരി സ്വദേശിനിയായ കല്യാണി (35) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷാഫി (35) ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം സെപ്റ്റംബർ 18 ന് ഇബ്രാഹിംപട്ടണത്തെ ഒരു കനാലിന് സമീപം തലയില്ലാത്ത ഉടൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചതോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം പുറത്തറിയുന്നത്.
ഉടൻ തന്നെ സ്ഥലത്തെത്തിയ ഇബ്രാഹിംപട്ടണം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. തുടർന്ന് ഡ്രോണുകളുടെയും എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പൊലീസ് സംഘം കനാലിൽ നടത്തിയ തിരച്ചിലിൽ യുവതിയുടെ തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തുകയായിരുന്നു.
എന്നാൽ ഒരു കൈ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കണ്ടെടുത്ത ശരീരഭാഗങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
അജ്ഞാത മൃതദേഹത്തിന്റെ വിവരങ്ങളും ചിത്രങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ, യുവതിയുടെ സഹോദരൻ കയ്യിലെ ടാറ്റൂവും മറ്റ് അടയാളങ്ങളും നോക്കി മരിച്ചത് കല്യാണി ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് പ്രതി മുഹമ്മദ് ഷാഫി കുടുങ്ങിയത്.
സെപ്റ്റംബർ 17 ന് മുഹമ്മദ് ഷാഫിയുടെ ഭവാനിപുരത്തുള്ള വീട്ടിൽ വച്ചാണ് കല്യാണി കൊല്ലപ്പെട്ടതെന്ന് അസിസ്റ്റന്റ് കമ്മിഷണർ (വെസ്റ്റ് സോൺ) എൻ.എസ്.വി.കെ ദുർഗ്ഗ റാവു വെളിപ്പെടുത്തി. ഇറച്ചിക്കട
നടത്തുന്ന മുഹമ്മദ് ഷാഫി, തന്റെ ഭാര്യയെയും കുട്ടികളെയും ഗുണ്ടൂരിലേക്ക് അയച്ച ശേഷമാണ് കല്യാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പണത്തെച്ചൊല്ലിയും പ്രതിയുടെ കുടുംബത്തിന്റെ സംരക്ഷണയിലായിരുന്ന കല്യാണിയുടെ കുട്ടിയെയും ചൊല്ലിയും ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായി.
ഇതിൽ പ്രകോപിതനായ ഷാഫി കത്തികൊണ്ട് കല്യാണിയെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പെട്ടെന്ന് തിരിച്ചറിയാതിരിക്കാനും ഒളിപ്പിക്കാൻ എളുപ്പമാക്കാനും ഷാണി കല്യാണിയുടെ തലയും കാലുകളും മറ്റു ശരീരഭാഗങ്ങളും വെട്ടിമാറ്റുകയായിരുന്നു.
തുടർന്ന് ഇവ ഗോല്ലാപ്പുടി പ്രദേശത്തെ കനാലിൽ കൊണ്ടുപോയി തള്ളുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ, സാങ്കേതിക അന്വേഷണം, മറ്റ് തെളിവുകൾ എന്നിവ പ്രതിയെ പിടികൂടാൻ പൊലീസിന് നിർണായകമായി.
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കത്തിയും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ സുഹൃത്തായ അബ്ദുള്ള ദുർഗ്ഗ റാവുവിനും ഈ കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ ഇപ്പോൾ ഒളിവിലാണെന്നും ഉടൻ പിടികൂടാനുള്ള തീവ്രശ്രമങ്ങൾ നടന്നു വരികയാണെന്നും അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട
കല്യാണിയുടെ മകൻ നിലവിൽ ഷാഫിയുടെ ഭാര്യയുടെ സംരക്ഷണയിലാണുള്ളത്. കുട്ടിയുടെ സംരക്ഷണ ചുമതല സംബന്ധിച്ച് നിയമോപദേശം തേടിവരികയാണെന്നും, വിഷയം ഐസിഡിഎസ് വകുപ്പിന് കൈമാറുന്നതിനുള്ള സാധ്യതകൾ പരിശോധനയിലാണെന്നും പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

