ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവന്‍ ഓഹരികളും കൈമാറിയതായി സ്ഥിരീകരിച്ച് മാഗ്നം സ്പോര്‍ട്സ്. യുഎഇയിലെ അല്‍ ഫുര്‍സാന്‍ സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ്, ഉടമ ഷെയ്ഖ് അഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ ഖാസിമിയാണ് ബ്ലാസ്റ്റേഴ്സിനെ സ്വന്തമാക്കിയിരിക്കുന്നത്.
നിലവിലെ ഉടമകളായ മാഗ്നം സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും വില്‍ക്കുന്നതിനുള്ള അന്തിമ കരാറില്‍ ഒപ്പുവെച്ചു. പുതിയ ഉടമസ്ഥരെ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വൈകാതെ പ്രഖ്യാപനമുണ്ടാകും.
2026-27 സീസണിലുടനീളം ഘട്ടം ഘട്ടമായാണ് ഈ ഉടമസ്ഥത മാറ്റം പൂര്ത്തിയാക്കുകയെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഈ മാറ്റത്തിന്റെ ഇടവേളകളില്‍ ക്ലബ്ബിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കോ, പങ്കാളികള്‍ക്കും ആരാധകര്‍ക്കും നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ക്കോ യാതൊരു തടസ്സവും ഉണ്ടാകില്ല.
പുതിയ ഉടമകള്‍ ക്രമേണ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുക്കുമെന്നും, ക്ലബ്ബിന്റെ പുതിയ കാര്യങ്ങള്‍ യഥാസമയം ഔദ്യോഗികമായി അറിയിക്കുമെന്നും ക്ലബ് വ്യക്തമാക്കി. കേരളത്തില്‍ ഫുട്ബോള്‍ വേരോടിക്കാന്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് പ്രതീക്ഷിച്ചതിലും വലിയൊരു വികാരമായി മാറിയെന്ന് മാഗ്നം സ്പോര്‍ട്സ് അധികൃതര്‍ പറഞ്ഞു.
കേരള ജനതയോടും ക്ലബ്ബിനോടുള്ള വൈകാരിക അടുപ്പം മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഈ തീരുമാനം എടുത്തത്. ഭാവിയിലെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ക്ലബ്ബിന് കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്ന ശക്തമായ അടിത്തറയോടെയാണ് തങ്ങള്‍ പടിയിറങ്ങുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരള ബ്ലാസ്റ്റേഴ്സിന് പുറമെ മറ്റ് ചില ഐഎസ്എല്‍ ക്ലബ്ബുകളും സമാനമായ ഉടമസ്ഥമാറ്റങ്ങള്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായുള്ള ബി സി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഭാഗമായ ജിന്‍ഡാല്‍ ഫുട്ബോള്‍ പ്രൈവറ്റ് ലിമിറ്റഡ് 2024-ല്‍ ഹൈദരാബാദ് എഫ്സിയുടെ സ്പോര്‍ട്ടിങ് ലൈസന്‍സ് സ്വന്തമാക്കുകയും, പിന്നീട് ക്ലബ് ഡല്‍ഹിയിലേക്ക് മാറ്റി സ്പോര്‍ട്ടിങ് ക്ലബ് ഡല്‍ഹി എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തിരുന്നു.
2026 ഓഗസ്റ്റില്‍ ടാറ്റാ സ്റ്റീല്‍, ജംഷെഡ്പൂര്‍ എഫ്സിയുടെ 100 ശതമാനം ഓഹരികളും ഗോവ ആസ്ഥാനമായുള്ള ചര്‍ച്ചില്‍ ബ്രദേഴ്സ് സ്പോര്‍ട്സ് ക്ലബ്ബിന് നാമമാത്രമായ തുകയ്ക്ക് കൈമാറിയിരുന്നു. ഇതില്‍ സ്പോര്‍ട്ടിങ് ലൈസന്‍സും 12 കളിക്കാരുടെയും രണ്ട് പരിശീലകരുടെയും കരാറുകളും ഉള്‍പ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

