ദുബായില്‍നിന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ദമ്പതിമാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദമ്പതിമാരുടെ മൊഴിയില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വലിയതുറ സിഐ പറഞ്ഞു. സുഹൃത്തു വഴി ദുബായില്‍ വച്ചു പരിചയപ്പെട്ടയാളാണ് മറ്റൊരാള്‍ക്കു നല്‍കാനായി ദമ്പതിമാരുടെ കൈയില്‍ ഏഴര പവന് സ്വര്‍ണം കൊടുത്തിവിട്ടതെന്നു പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ മെഹറൂഫ് എന്നയാള്‍ എത്തി സ്വര്‍ണം വാങ്ങുമെന്നാണു പറഞ്ഞിരുന്നത്. സ്വര്‍ണമെത്തിക്കാന്‍ ഒരു ലക്ഷം രൂപയും വിമാനടിക്കറ്റും നല്‍കാമെന്നും വാഗ്ദാനം ചെയ്തതായി പരാതിക്കാര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മെഹറൂഫ് എന്ന പേരില്‍ എത്തിയ ആള് കാറില്‍ കയറ്റിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നുവെന്നാണ് ദമ്പതിമാര്‍ പരാതിപ്പെട്ടിരിക്കുന്നത്. മൂന്നുപേര്‍ അടങ്ങുന്ന സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
തുടര്‍ന്ന് ഇവരെ ചേര്‍ത്തലയില്‍ ഇറക്കിവിട്ടു. ഇതിനു പിന്നാലെ മറ്റൊരു സംഘം സ്വര്‍ണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെ ഭയന്ന ദമ്പതികൾ വലിയതുറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

