തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചലിൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ക്രൂരമായ ആക്രമണം. 30 രൂപയ്ക്ക് പെട്രോൾ നൽകുന്നതുമായി ബന്ധപ്പെട്ട
തർക്കത്തെത്തുടർന്നാണ് ജീവനക്കാരനായ അനിൽ കുമാറിന് വെട്ടേറ്റത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്.
തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് പമ്പിൽ 30 രൂപയ്ക്ക് പെട്രോൾ ആവശ്യപ്പെട്ടത്.
എന്നാൽ പമ്പിൽ അടിക്കാവുന്ന കുറഞ്ഞ തുകയെക്കുറിച്ച് അനിൽ കുമാർ വ്യക്തമാക്കിയതോടെ യുവാക്കൾ ബഹളമുണ്ടാക്കുകയും ഇതിലൊരാൾ ഇയാളെ പിടിച്ച് തള്ളുകയുമാണുണ്ടായത്. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ അനിൽ കുമാർ പ്രതിരോധിച്ചതോടെ ബൈക്കിലുണ്ടായിരുന്ന മറ്റുള്ളവർ ഇടപെട്ട് രംഗം ശാന്തമാക്കുകയും ഇവർ മടങ്ങിപ്പോവുകയും ചെയ്തു.
എങ്കിലും, ഇതിന് ശേഷം അനിൽ കുമാർ പമ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന സമയം കാത്തുനിന്ന പ്രധാന പ്രതി വെട്ടുകത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും യുവാവ് കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.
സംഭവത്തിൽ നെയ്യാർഡാം പോലീസ് കേസെടുത്ത് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

