മലയാളത്തിലെ മുൻനിര സംവിധായകൻ അമൽ നീരദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ബാച്ച്ലർ പാർട്ടി Deux’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് എത്താൻ തയ്യാറെടുക്കുന്നു. ചിത്രം നവംബർ 19-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.
2012-ൽ പുറത്തിറങ്ങി വലിയ തരംഗമായി മാറിയ സ്റ്റൈലിഷ് ആക്ഷൻ ചിത്രമായ ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗം എന്ന നിലയിൽ പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് ഈ പ്രൊജക്റ്റിനെ നോക്കിക്കാണുന്നത്. റെഡ്-ഗോൾഡൻ റെട്രോ തീമിൽ, ആധുനിക ജെൻ-സി പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ പോസ്റ്ററുകൾ നൽകുന്ന സൂചന.
ഫ്രഞ്ച് പദമായ ‘ഡുഎക്സ്’ (D’EUX) എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ ‘അവരെ കുറിച്ച്’ എന്നുമാണ് അർത്ഥമാക്കുന്നത്. ആദ്യ ഭാഗം തിയേറ്ററുകളിൽ വലിയ ചർച്ചയായി പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഈ ആക്ഷൻ-ത്രില്ലർ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളും മുൻനിര അഭിനേതാക്കളും അണിനിരക്കുന്ന വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. നസ്ലൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ഷൈൻ ടോം ചാക്കോ, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, പാരിസ് ലക്ഷ്മി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഇതുവരെ കാണാത്ത വേറിട്ട സ്റ്റൈലിഷ് ഗെറ്റപ്പിലാണ് കഥാപാത്രങ്ങൾ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിന്റെ ഓഡിയോ അവകാശം പ്രമുഖ സംഗീത കമ്പനിയായ സോണി മ്യൂസിക് കരസ്ഥമാക്കി. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
സാങ്കേതിക രംഗത്തും വൻനിരയാണ് പ്രവർത്തിച്ചിരിക്കുന്നത്. ക്രിസ്റ്റോ സേവ്യർ സംഗീതവും അപ്പു പ്രഭാകർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്. സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ.
വസ്ത്രാലങ്കാരം മഷർ ഹംസയും ചമയം റോണക്സ് സേവ്യറും നിർവഹിച്ചിരിക്കുന്നു. പിആർഒ ചുമതല നിർവഹിക്കുന്നത് ആതിര ദിൽജിത്ത് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

