25-ാം വയസിൽ താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ 10 ലക്ഷം രൂപയുടെ സമ്പാദ്യം കുടുംബാംഗങ്ങളുമായി പങ്കുവെച്ചതിന് പിന്നാലെയുണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കി യുവാവ് രംഗത്ത്. തന്റെ പക്കലുള്ള സാമ്പത്തിക ശേഖരത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചതോടെയാണ് അപ്രതീക്ഷിതമായ പ്രതിസന്ധികൾ ഉണ്ടായതെന്ന് യുവാവ് സമൂഹ മാധ്യമമായ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
പണത്തോടുള്ള കുടുംബത്തിന്റെ മനോഭാവവും കാഴ്ചപ്പാടുകളും എത്രത്തോളം വ്യത്യസ്തമാണെന്ന് ഈ സംഭവം ബോധ്യപ്പെടുത്തിയതായും യുവാവ് പറയുന്നു. ഈ കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
യുവാവിന്റെ വാക്കുകൾ ഇങ്ങനെ ”ഇന്ന് ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപവും സേവിങ്സും 10 ലക്ഷം രൂപ കടന്നതായി മനസിലായത്. അപ്രതീക്ഷിതമായെത്തുന്ന ഓരോ സാമ്പത്തിക ചെലവുകളും വലിയ ആഘാതമാകുന്ന ഇടത്തരം കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്.
25ാം വയസിൽ ഇങ്ങനെയൊരു സമ്പാദ്യം സൃഷ്ടിക്കാൻ കഴിഞ്ഞത് എനിക്ക് വലിയൊരു ആശ്വാസമാകേണ്ടതായിരുന്നു. എന്നാൽ ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞപ്പോൾ ലഭിച്ച ആദ്യ പ്രതികരണം ഈ പണം ചെലവഴിക്കാമെന്നായിരുന്നു.
ഒരു ഫ്ളാറ്റ് വാങ്ങാൻ ഡൗൺ പേയ്മെന്റിനായി മുഴുവൻ പണവും ഉപയോഗിക്കാമെന്നായിരുന്നു പിതാവിന്റെ നിർദേശം. ഒരു ബന്ധുവിന്റെ കോളേജ് വിദ്യാഭ്യാസത്തിനായി കുറച്ചു പണം വായ്പ കൊടുക്കണമെന്നായിരുന്നു അമ്മയുടെ പക്ഷം.
ഇതൊരു ഞെട്ടിക്കുന്ന തിരിച്ചറിവായിരുന്നു. എങ്ങനെയാണ് വിവിധ തലമുറയിൽ പെട്ടവർ സമ്പാദ്യത്തെയും സ്വകാര്യതയെയും പരിഗണിക്കുന്നതെന്നും ഇതിലൂടെ മനസിലായി.
വലിയ സാമ്പത്തിക നേട്ടമുണ്ടായാൽ അക്കാര്യം കുടുംബത്തോടു പറയുന്നതാണോ ഇക്കാര്യത്തെക്കുറിച്ച് മൗനം പാലിക്കുന്നതാണോ നല്ലത്” ഈ കുറിപ്പിന് താഴെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇടത്തരം കുടുംബമാണെങ്കിലും കിട്ടുന്ന പണമെല്ലാം എങ്ങോട്ടാണ് പോകുന്നതെന്ന് ഇതിലൂടെ മനസിലാക്കാമെന്നാണ് ഒരാൾ കുറിച്ചത്.
കുടുംബത്തിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് ഇതിലൂടെ തെളിയുന്നതെന്നും, സാമ്പത്തിക നേട്ടമുണ്ടായാൽ അക്കാര്യത്തെക്കുറിച്ച് മറ്റുള്ളവരോട് പറയാതിരിക്കുന്നതാണ് ബുദ്ധിയെന്നും അഭിപ്രായങ്ങളുണ്ട്. കൈവശമുള്ള സമ്പാദ്യത്തെക്കുറിച്ച് മറ്റുള്ളവർ കൃത്യമായി അറിയാതെ സൂക്ഷിക്കുന്നതാണ് സുരക്ഷിതമെന്നും, പ്രത്യേകിച്ചും ഇത്തരം കാര്യങ്ങൾ ബന്ധുക്കളിൽ നിന്നും മറച്ചുവെക്കുന്നതാണ് ഉചിതമെന്നുമാണ് മറ്റ് ചിലരുടെ പക്ഷം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

