രണ്ട് സ്ത്രീകളും അമ്മയും മാത്രമുള്ള കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനുള്ള ബാങ്ക് അധികൃതരുടെ നടപടി നജീബ് കാന്തപുരം എംഎൽഎ തടഞ്ഞു. വേങ്ങൂർ ആണ് സംഭവം.
മേലാറ്റൂർ അർബൻ സഹകരണ ബാങ്കിൽനിന്ന് അച്ഛന്റെ ചികിത്സയ്ക്കായി 2022ലാണ് വീടും സ്ഥലവും ഈടുവച്ച് കുടുംബം 5 ലക്ഷം രൂപ വായ്പയെടുത്തിരുന്നത്. ഒരു ലക്ഷത്തോളം രൂപ ഇവർ തിരിച്ചടയ്ക്കുകയും ചെയ്തു.
എന്നാൽ, ഈ കുടുംബത്തിന്റെ അത്താണിയായിരുന്ന കുടുംബനാഥൻ മരിച്ചതോടെ വായ്പ കൃത്യമായി തിരിച്ചടയ്ക്കാനായില്ല. അച്ഛന്റെ മരണത്തോടെ അമ്മയും രോഗിയായി.
രണ്ട് യുവതികളും അമ്മയും മാത്രമാണ് ഇപ്പോൾ വീട്ടിലുള്ളത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ബാങ്ക് അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ജപ്തി നടപടിക്കായി എത്തിയത്.
ഇതോടെ കുടുംബം വീടിനകത്തുതന്നെ നിന്നു. വാതിൽ തുറന്നില്ലെങ്കിൽ വീട് ചവിട്ടി തുറക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതോടെയാണ് കുടുംബം നജീബ് കാന്തപുരത്തെ ബന്ധപ്പെടുന്നത്.
സ്ഥലത്തെത്തിയ എംഎൽഎ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും വായ്പ തിരിച്ചടയ്ക്കാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥരും എംഎൽഎയും തമ്മിൽ വാക്കേറ്റവുമുണ്ടായി.
യാതൊരു കാരണവശാലും ഈ കുടുംബത്തെ ഇറക്കിവിടാൻ അനുവദിക്കില്ലെന്ന് എംഎൽഎ ഉദ്യോഗസ്ഥരെ അറിയിച്ചു. അതോടെയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

