കോഴിക്കോട്: ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ച സംഭവം വിവാദമായിരിക്കെ, കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളില്‍ വീണ്ടും റാഗിംഗ് പരാതി. സ്കൂളിലെ ശുചിമുറിയില്‍ വെച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തുവെന്നാണ് പുതിയ പരാതി ഉയര്‍ന്നിരിക്കുന്നത്.
സംഭവുമായി ബന്ധപ്പെട്ട് നാല് കുട്ടികളെ സ്കൂള്‍ അധികൃതര്‍ സസ്പെന്റ് ചെയ്തു. കളര്‍ ഡ്രസ് ധരിച്ചുവന്നതിന്റെ പേരിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തന്നെ ശുചിമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി റാഗ് ചെയ്തതെന്ന് പരാതിക്കാരനായ വിദ്യാര്‍ത്ഥി വ്യക്തമാക്കി.
ഈ അതിക്രമം തന്നെ മാനസികമായി തകര്‍ത്തുവെന്നും പ്രതികള്‍ പണം ആവശ്യപ്പെട്ടുവെന്നും വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടിയുടെ പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് സ്കൂള്‍ അധികൃതര്‍ അടിയന്തര നടപടിയായി നാല് പേരെ സസ്പെന്‍ഡ് ചെയ്തത്.
അതിനിടെ, പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെയുണ്ടായ റാഗിംഗ് പരാതിയിലെ ഇരകളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ നിന്നും ടി.സി വാങ്ങി പോവുകയാണെന്ന് അധികൃതരെ അറിയിച്ചതായും വിവരങ്ങളുണ്ട്. ഓണാഘോഷത്തിന് മുന്നോടിയായി സ്കൂളില്‍ കളര്‍ കോഡ് ഡ്രസ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേരത്തെ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി കളര്‍ കോഡ് ഡ്രസ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ പത്താം ക്ലാസിലെ ചില കുട്ടികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവം അധ്യാപകരെ അറിയിക്കുമെന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹിബാ ഫാത്തിമ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന്റെ പ്രതികാരമെന്നോണമാണ് അവധിക്ക് ശേഷം സ്കൂള്‍ വീണ്ടും തുറന്ന ദിവസം ഹിബാ ഫാത്തിമയെ ക്രൂരമായി മര്‍ദ്ദിച്ചതെന്നായിരുന്നു മുന്‍പത്തെ പ്രധാന പരാതി. ഈ സംഭവങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് സ്കൂളില്‍ വീണ്ടും റാഗിംഗ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

