കോടതി 20 വർഷം കഠിനതടവിന് ശിക്ഷിച്ചതിനെത്തുടർന്ന് ജാമ്യത്തിലിറങ്ങി വ്യവസ്ഥകൾ ലംഘിച്ച് ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. കണ്ണൂർ പരിയാരം വില്ലേജിൽ പരിയാരം മുറിയിൽ താന്നൂക്കര വീട്ടിൽ മുഹമ്മദ് ഷാഫി (42) ആണ് വെൺമണി പൊലീസിന്റെ പിടിയിലായത്.
2017ൽ വെൺമണി സ്വദേശിനിയായ ബുദ്ധിമാന്ദ്യമുള്ള യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലാണ് ഇയാൾക്കെതിരെ വെൺമണി പൊലീസ് കേസെടുത്തിരുന്നത്. തുടർന്ന് ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് കോടതി 2025ൽ പ്രതിക്ക് 20 വർഷം കഠിനതടവ് വിധിക്കുകയുണ്ടായി.
ഈ വിധിക്കെതിരെ അപ്പീൽ സമർപ്പിച്ച് ജാമ്യത്തിലിറങ്ങിയ പ്രതി, അപ്പീൽ വ്യവസ്ഥകൾ ലംഘിച്ച് ഒളിവിൽ പോവുകയായിരുന്നു. ഇതേത്തുടർന്ന് കോടതി പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയുണ്ടായി.
ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബി, മാന്നാർ സർക്കിൾ ഇൻസ്പെക്ടർ അജീബ് എന്നിവരടങ്ങിയ അന്വേഷണസംഘത്തിന്റെ മേൽനോട്ടത്തിലാണ് കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നും പ്രതിയെ കണ്ടെത്തി പിടികൂടിയത്. വെൺമണി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അനന്തുവിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, അനസ് ഖാൻ, ഷിഹാബ് സലാം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

