മദ്യപിച്ചു വാഹനമോടിച്ച് എഎസ്ഐ വരുത്തിയ അപകടം തകർത്തത് ഒരു യുവതിയുടെ ഉന്നത വിദ്യാഭ്യാസ മോഹങ്ങൾ. കണ്ണൂരിൽ നടന്ന ദാരുണമായ സംഭവത്തിൽ അഴീക്കൽ കോസ്റ്റൽ പൊലീസ് ഗ്രേഡ് എഎസ്ഐ രജിത് ഓടിച്ച കാർ ഇടിച്ചാണ് പന്ന്യന്നൂർ ചമ്പാട് മുതുവാടത്ത് വീട്ടിൽ എം.കെ.സ്വാതിയെന്ന ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിനിക്കും രണ്ട് അസം സ്വദേശികൾക്കും പരുക്കേറ്റത്.
21ന് പുലർച്ചെയാണ് കണ്ണോത്തുംചാലിൽ ഈ അപകടം നടന്നത്. റസ്റ്ററന്റിലെ ജോലി കഴിഞ്ഞ് 12.15-ഓടെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന എം.കെ.സ്വാതി (22), ഒപ്പം ജോലി ചെയ്തിരുന്ന അസം സ്വദേശികളായ ഹവാസ് അലി, റോക്കി ബുൾ എന്നിവരെയാണ് തൊട്ടടുത്തുള്ള കാർ വിൽപനശാലയ്ക്കു മുന്നിൽവച്ച് കാർ ഇടിച്ചിട്ടത്.
നിയന്ത്രണം വിട്ട വാഹനം മൂവരെയും ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോകുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇവരെ റസ്റ്ററന്റ് ജീവനക്കാരാണ് അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചത്. നാട്ടുകാർ പിടികൂടിയ എഎസ്ഐ രജിത്തിനെ പിന്നീട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർ രജിത്തിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിനു പഠിക്കുന്ന സ്വാതി, കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് കണ്ണോത്തുംചാലിലെ മന്തിമഹൽ റസ്റ്ററന്റിൽ പാർട്ട് ടൈം ജോലിക്ക് ചേർന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സ്വാതിയുടെ ഇരുകാലുകളുടെയും മുട്ടിന് ഇതിനോടകം ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു.
ഇരുകാലിനും ശസ്ത്രക്രിയ ചെയ്തതിനാൽ മാസങ്ങളോളം പ്ലാസ്റ്ററിടേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഇതുവരെ ആശുപത്രിയിൽ മാത്രം 2.5 ലക്ഷത്തോളം രൂപ ചെലവായിക്കഴിഞ്ഞു.
വെൽഡിങ് ജോലിക്കാരനായ അച്ഛൻ എം.കെ.സജീവനും കുടുംബത്തിനും ഈ വലിയ തുക താങ്ങാൻ കഴിയാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണിപ്പോൾ. പരുക്കേറ്റ മറ്റ് രണ്ട് അസം സ്വദേശികളും ആശുപത്രി വാസത്തിന് ശേഷം എങ്ങോട്ട് പോകുമെന്നറിയാതെ വിഷമത്തിലാണ്.
റസ്റ്ററന്റ് അധികാരികളും പൊലീസും തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്ന പരാതിയും ഇവർ ഉന്നയിക്കുന്നുണ്ട്. പഠനം പാതിവഴിയിൽ മുടങ്ങുമോയെന്ന ആശങ്കയിലാണ് സ്വാതിയും കുടുംബവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

