മലയാള സിനിമാ ലോകത്ത് മികച്ച പ്രതികരണവുമായി മുന്നേറുന്ന ക്രൈം ത്രില്ലർ ഡ്രാമ വിഭാഗത്തിൽ പെട്ട ‘പ്രഥമദൃഷ്ട്യാ കുറ്റക്കാര്’ എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവന്നു.
ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം തിയറ്ററുകളിൽ എത്തിയ ഈ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഈ മാസം 11-നാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്.
വലിയ പ്രചാരണ കോലാഹലങ്ങളില്ലാതെ എത്തിയെങ്കിലും, ആദ്യ ദിനം മുതൽ തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടാൻ ചിത്രത്തിന് സാധിച്ചു. പ്രമുഖ ട്രാക്കർമാരുടെ കണക്കുപ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ഇതിനകം 35 കോടി രൂപയാണ് വാരിക്കൂട്ടിയത്.
ഇതിൽ ഇന്ത്യയിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ 22 കോടി രൂപയാണ്. വരും ദിവസങ്ങളിലും തിയറ്ററുകളിൽ മികച്ച തിരക്ക് അനുഭവപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഷഹദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പാർവതി തിരുവോത്ത്, വിജയരാഘവൻ, മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്.
പാർവതി തിരുവോത്ത്, സിദ്ധാർത്ഥ് ഭരതൻ, മാത്യു തോമസ് എന്നിവർ ചിത്രത്തിൽ പോലീസ് വേഷങ്ങളിലാണ് എത്തുന്നത്. ഒരു പോലീസ് സ്റ്റേഷനിൽ അരങ്ങേറുന്ന കൊലപാതകവും, തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിലുണ്ടാകുന്ന വഴിതിരിവുകളാണ് ഈ സിനിമയുടെ പ്രധാന പശ്ചാത്തലം. പാർവതി തിരുവോത്താണ് ചിത്രത്തിൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
അഭിനയ ജീവിതത്തിൽ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുന്ന പാർവതി തിരുവോത്തിന്റെ കരിയറിലെ ആദ്യത്തെ പോലീസ് വേഷം കൂടിയാണിത്. ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന് ശേഷം പാർവതി തിരുവോത്തും, ‘കിഷ്കിന്ധാ കാണ്ഡം’ എന്ന സിനിമയ്ക്ക് ശേഷം വിജയരാഘവനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

