തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ മാനദണ്ഡങ്ങൾ ഇരട്ട സഹോദരങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്നു.
ഒരേ വ്യക്തിയുമായി ബന്ധിപ്പിക്കുന്ന മക്കളുടെ ജനനത്തീയതികൾ തമ്മിൽ കുറഞ്ഞത് ഒമ്പത് മാസത്തെ പ്രായവ്യത്യാസം ഉണ്ടായിരിക്കണമെന്നാണ് എസ്ഐആർ ചട്ടം വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ, മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിക്കുന്ന ഇരട്ടക്കുട്ടികളുടെ കാര്യത്തിൽ ഈ ചട്ടം പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.
രാജ്യത്തെ ഇരട്ടകളുടെ വോട്ടവകാശ സംബന്ധമായ പ്രത്യേകതകൾ കണക്കിലെടുക്കാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡൽഹിയിൽ കരട് വോട്ടർപട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് സമാനമായ ഒരു സംഭവം പുറത്തുവന്നത്.
1998 ജൂലൈ 6ന് പുലർച്ചെ 4.40നാണ് അശ്വഥ് സോമൻ ജനിച്ചത്. തൊട്ടുപിന്നാലെ 4.44ന് അനിയൻ അക്ഷത് സോമനും ജനിച്ചു. എന്നാൽ ഡൽഹിയിലെ എസ്ഐആർ നടപടികൾക്ക് ശേഷം ഈ ഇരട്ട
സഹോദരങ്ങൾക്ക് ഔദ്യോഗിക നോട്ടിസ് ലഭിക്കുകയായിരുന്നു. ഡൽഹി മയൂർവിഹാറിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശികളായ സോമൻ–ശോഭ ദമ്പതികളുടെ മക്കളാണ് ഇവർ.
പാസ്പോർട്ട്, പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയുൾപ്പെടെയുള്ള രേഖകൾ കഴിഞ്ഞദിവസം ബിഎൽഒ നേരിട്ടെത്തി ശേഖരിച്ചിരുന്നു. കുടുംബത്തിലെ ഇരട്ടവോട്ടുകളുടെ നിലവിലെ സ്ഥിതി എന്താകുമെന്ന ആശങ്കയിലാണ് ഇവർ ഇപ്പോൾ.
“മക്കളുടെ ജനന സർട്ടിഫിക്കറ്റ് ഉണ്ട്. പാസ്പോർട്ടും ആധാറും ഉൾപ്പെടെ രേഖകളുണ്ട്.
പക്ഷേ, ഇവർ ഇരട്ടകളാണെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റിന്റെ ആവശ്യം ജീവിതത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല. അങ്ങനെയൊരു രേഖ രാജ്യത്തില്ലല്ലോ” എന്ന് സോമൻ പ്രതികരിച്ചു.
സമാനമായ അനുഭവമാണ് മയൂർവിഹാറിലെ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറുടെ മുന്നിൽ ഹിയറിങ്ങിനെത്തിയ ലില്ലി ഓജയ്ക്കും നേരിടേണ്ടി വന്നത്. ഇരട്ടകളായ മക്കളുടെ എല്ലാവിധ രേഖകളും എസ്ഐആർ വേളയിൽ സമർപ്പിച്ചിരുന്നെങ്കിലും പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി നോട്ടിസ് ലഭിക്കുകയായിരുന്നു.
പതിനൊന്ന് വ്യത്യസ്ത തരത്തിലുള്ള പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിലാണ് വോട്ടർമാർക്ക് നോട്ടിസുകൾ അയക്കുന്നത്. മാതാപിതാക്കളും മക്കളും തമ്മിലുള്ള പ്രായവ്യത്യാസം പതിനഞ്ച് വർഷത്തിൽ താഴെ മാത്രമായിരിക്കുക അല്ലെങ്കിൽ അമ്പത് വർഷത്തിനു മുകളിലായിരിക്കുക, മുത്തശ്ശീമുത്തശ്ശന്മാരും പേരക്കുട്ടികളും തമ്മിലുള്ള പ്രായവ്യത്യാസം നാൽപത് വയസ്സിൽ താഴെ മാത്രം വരിക തുടങ്ങിയവയാണ് മറ്റ് പ്രധാന പൊരുത്തക്കേടുകൾ.
രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇരട്ടകളുമായി ബന്ധപ്പെട്ട് സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹിയറിങ് വേളയിൽ സഹോദരങ്ങളുടെ ലഭ്യമായ മുഴുവൻ രേഖകളും വിശദമായി പരിശോധിച്ച ശേഷമാണ് അന്തിമമായി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

