പത്തനംതിട്ട ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് വ്യാജ ഓഹരി നിക്ഷേപ തട്ടിപ്പുകൾ വ്യാപകമാകുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ‘ഓഹരിയിൽ നിക്ഷേപിക്കൂ, വൻലാഭം നേടൂ’ എന്ന തരത്തിലുള്ള പ്രലോഭനപരമായ വാഗ്ദാനങ്ങളുമായാണ് തട്ടിപ്പുകാർ രംഗത്തുവരുന്നത്.
ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ നവമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങൾ കണ്ടു താൽപര്യം പ്രകടിപ്പിക്കുന്നവരെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ പരസ്യങ്ങളിൽ താൽപര്യം അറിയിക്കുന്ന വ്യക്തികളെ പ്രത്യേക വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ചേർക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം.
തുടർന്ന് പ്രമുഖ ട്രേഡിങ് കമ്പനികളുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളെന്ന വ്യാജേനയുള്ള ആപ്ലിക്കേഷനുകളുടെ ലിങ്കുകൾ ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും അവ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള വ്യാജ ആപ്പുകളിലും വെബ്സൈറ്റുകളിലും അക്കൗണ്ടുകൾ ആരംഭിപ്പിച്ച ശേഷം, ഘട്ടം ഘട്ടമായി പണം നിക്ഷേപിക്കാൻ ഉപയോക്താക്കളെ നിർബന്ധിക്കുന്നു.
നിക്ഷേപകർക്ക് കൂടുതൽ വിശ്വാസ്യത തോന്നുന്നതിനായി തട്ടിപ്പിന്റെ തുടക്കത്തിൽ ചെറിയ തുക ലാഭത്തോടൊപ്പം പിൻവലിക്കാൻ അനുമതി നൽകും. ഇതോടെ സ്ഥാപനത്തിന്റെ വിശ്വാസ്യതയിൽ പൂർണ്ണമായും വീഴുന്ന ഇരകൾ വലിയ തുകകൾ നിക്ഷേപിക്കാൻ തുടങ്ങും.
ഡിസ്കൗണ്ട് നിരക്കിൽ ഓഹരികൾ സ്വന്തമാക്കാമെന്ന വാഗ്ദാനം നൽകി പലരിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുക്കുന്നത്. എന്നാൽ, നിക്ഷേപിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഓഹരികൾ വിൽക്കാൻ അനുവദിക്കാതെ ദീർഘകാലത്തേക്ക് ലോക്ക് ചെയ്ത് വെക്കാൻ ഇവർ നിർബന്ധിതരാക്കും.
നിക്ഷേപകർ പിന്നീട് പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ പ്രോസസിങ് ചാർജ്, വിവിധ തരത്തിലുള്ള നികുതികൾ തുടങ്ങിയ വ്യാജ കാരണങ്ങൾ പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെടും. ഈ രീതിയിൽ വലിയ തുകകൾ നഷ്ടപ്പെട്ട
ശേഷമാണ് പലരും തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിയുന്നത്. ഇത്തരം സാമ്പത്തിക തട്ടിപ്പുകളിൽ നിന്നും രക്ഷനേടുന്നതിനായി, ഓഹരി നിക്ഷേപങ്ങൾ പൂർണ്ണമായും സെബി (SEBI) അംഗീകൃതവും രജിസ്റ്റർ ചെയ്തതുമായ സ്ഥാപനങ്ങൾ വഴി മാത്രം നടത്തണമെന്ന് സൈബർ പൊലീസും സാമ്പത്തിക വിദഗ്ധരും ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

