ജോലിസ്ഥലത്തുനിന്നുള്ള കടുത്ത മാനസിക പീഡനത്തെ തുടർന്ന് തൃശൂർ പാലപ്പിള്ളി കുണ്ടായി ഹാരിസൺ എസ്റ്റേറ്റിലെ വനിതാ വാച്ചർ ജീവനൊടുക്കി. ചെമ്പുച്ചിറ സ്വദേശി ഊട്ടുപുരയ്ക്കൽ ബാലന്റെ മകളായ മഞ്ജുഷ (41) ആണ് മരണമടഞ്ഞത്.
ഫാക്ടറിയിൽ നിന്നും അഞ്ഞൂറ് മീറ്റർ അകലെയുള്ള വൈദ്യുത ടവറിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദികൾ ഫാക്ടറിയിലെ മൂന്ന് പേരാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു.
മൂന്ന് വർഷം മുൻപ് ജോലിക്കിടെ സോളാർ വേലിയിൽ നിന്നും ശക്തമായ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മഞ്ജുഷ ഫാക്ടറി കോമ്പൗണ്ടിൽ വാച്ചറായി ജോലി ചെയ്തുവന്നിരുന്നത്. എന്നാൽ, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ഇരുപത് ദിവസമായി വന്യമൃഗശല്യമുള്ള പുറമെയുള്ള തോട്ടത്തിലേക്ക് ഇവരെ തനിച്ചാണ് ജോലിക്ക് നിയോഗിച്ചിരുന്നത്.
കാട്ടുപന്നി, ആന, പുലി തുടങ്ങിയ വന്യമൃഗങ്ങൾ ഇറങ്ങുന്ന പ്രദേശത്ത് ഒറ്റയ്ക്ക് ഡ്യൂട്ടിക്ക് പോകേണ്ടി വന്നത് ഇവർക്ക് കടുത്ത മാനസിക പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ ജോലിക്കിടെ മറ്റൊരു മാനേജ്മെന്റ് സ്റ്റാഫിന്റെ അനുമതിയോടെ പതിനഞ്ച് മിനിറ്റ് പുറത്തുപോയതിന് മഞ്ജുഷയുടെ ഫോണിലേക്ക് മാനേജ്മെന്റിലെ ഒരാളിൽ നിന്നും അസഭ്യ സന്ദേശം എത്തിയിരുന്നു.
ഇതിനെതിരെ പരാതി നൽകുമെന്ന് അറിയിച്ചതോടെയാണ് മൂന്ന് സ്റ്റാഫുകൾ ചേർന്ന് പ്രതികാരബുദ്ധിയോടെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയതെന്നാണ് പ്രധാന ആരോപണം. മനഃപൂർവം മാനസികമായി തകർക്കാനാണ് കാടിന് സമീപമുള്ള തോട്ടത്തിലേക്ക് ജോലിക്ക് പോകാൻ തന്നോട് ആവശ്യപ്പെട്ടതെന്ന് ആത്മഹത്യാക്കുറിപ്പിൽ വിശദമാക്കുന്നുണ്ട്.
സംഭവസ്ഥലത്തെത്തിയ വരന്തരപ്പിള്ളി പോലീസ് ഇൻക്വസ്റ്റ് നടപടികൾ ഔദ്യോഗികമായി പൂർത്തിയാക്കി. മഞ്ജുഷയുടെ ദാരുണ മരണത്തിൽ പ്രതിഷേധിച്ച് കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളികൾ പണിമുടക്ക് നടത്തി പ്രതിഷേധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

